പാലാ : പൗരത്വബിൽ നടപ്പാക്കുന്നതിനെതിരെ സംയുക്തസമിതി ആഹ്വാനം ചെയ്ത ഹർത്താൽ പാലായിൽ ഭാഗികം. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. തീർത്ഥാടക വാഹനങ്ങൾ തടസം ഇല്ലാതെ കടന്നു പോയി. ടൗണിലെ ഭൂരിഭാഗം കടകളും തുറന്നില്ല. ഗ്രാമാന്തരങ്ങളിലെ കടകൾ തുറന്നു പ്രവർത്തിച്ചു. പാലായിൽ ആകെയുള്ള 80 സർവീസുകളിൽ 69 എണ്ണം സർവീസ് നടത്തി. വരുമാനം തീരെ കുറഞ്ഞ സർവീസുകൾ ഉച്ചയോടെ നിറുത്തലാക്കി. സ്‌കൂളുകളിൽ ക്രിസ്മസ് പരീക്ഷ മുടക്കം കൂടാതെ നടന്നു.
സ്വകാര്യബസുകൾ ഓടാത്തത് യാത്രക്കാരെ വലച്ചു. പരീക്ഷാ കാലമായതിനാൽ സ്‌കൂളുകളിലെത്താൻ കുട്ടികൾ ഏറെ ബുദ്ധിമുട്ടി. ഗ്രാമീണമേഖലയിലുള്ള സ്വകാര്യ ബസുകളില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നെത്തിയവരും ഏറെയാണ്. സർക്കാർ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവർത്തിച്ചു. ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. ഹർത്താലിന് പിന്തുണയുമായി ഒരു സംഘടനയും പാലായിൽ പ്രകടനമോ പ്രതിഷേധമോ സംഘടിപ്പിച്ചില്ല.
പാലാ കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, താലൂക്ക് ഓഫീസ്, താലൂക്കിലെ 28 വില്ലേജ് ഓഫീസുകൾ, സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകൾ എന്നിവിടങ്ങളിൽ എല്ലാവരും ജോലിക്കെത്തി. ജല അതോറിറ്റിയിൽ വാഹന സൗകര്യം ഇല്ലാത്തതിനാൽ പത്തുശതമാനം പേർക്ക് എത്താനായില്ല. പാലാ നഗരസഭയിൽ 60ശതമാനം പേർ ഹാജരായി.