കോട്ടയം: പൂവൻതുരുത്ത് വ്യവസായ മേഖലയിലെ കമ്പനിയുടെ കിണറ്റിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സെന്റ് ജോൺസ് റബർ ഇൻഡസ്ട്രീസ് ജീവനക്കാരൻ അസം സ്വദേശി ലളിത് പ്രധാനി (51) നെയാണ് ഫാക്ടറിയ്ക്കുള്ളിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി ലളിതിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് ഇയാളെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്‌ച വൈകുന്നേരത്തോടെ ഇയാളുടെ മൃതദേഹം ഫാക്‌ടറിയ്‌ക്കുള്ളിലെ കിണറ്റിൽ കണ്ടെത്തിയത്. ഫോൺ ചെയ്ത് നടന്ന ലളിത് കാൽ വഴുതി കിണറ്റിൽ വീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേ‌ജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.