വൈക്കം: കിഴക്കേനട മുരിയൻകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ജനുവരി 14ന് നടക്കുന്ന ശാസ്താംപാട്ടിന്റെ മുന്നോടിയായുള്ള ഭക്തജനസംഗമം ടൗൺ എൻ. എസ്. എസ് സംയുക്ത ഭരണസമിതി ജനറൽ കൺവീനർ മാധവൻകുട്ടി കറുകയിൽ ഉദ്ഘാടനം ചെയ്തു.
വടക്കൻ കേരളത്തിൽ മാത്രം നടത്തിവരുന്ന ആചാരമായ ശാസ്താംപാട്ട് ഈ വർഷം മുതൽ മുരിയൻകുളങ്ങര ക്ഷേത്രത്തിൽ തുടങ്ങുകയാണ്. പ്രത്യേകം പ്രത്യേകം കളംവരച്ചാണ് ശാസ്താംപാട്ട് നടത്തുന്നത്. ഇതിന്റെ ഭാഗമായി എതിരേൽപ്പും, കോമരം തുള്ളലും നടത്തും. താളമേളങ്ങളുടെ അകമ്പടിയോടെ 1008 നാളികേരം എറിഞ്ഞുടച്ചാണ് ശാസ്താംപാട്ട് നടത്തുന്നത്. രാവിലെ 11 ന് തുടങ്ങുന്ന പാട്ട് രാത്രി ഒരു മണിയോടെയാണ് സമാപിക്കുന്നത്.
ക്ഷേത്രത്തിൽ നടന്ന ഭക്തജനസംഗമത്തിൽ ക്ഷേത്രം അധികാരി മുട്ടസ്‌മന ശ്രീകുമാർ, ഗോപാലകൃഷ്ണൻ അയ്യപ്പാസ്, ശ്രീജിത്ത് മുട്ടസ് എന്നിവർ പങ്കെടുത്തു. ആചാര്യൻ കുഴന്തറ ബാലുശ്ശേരി രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ 12 കളംപാട്ടുകാരാണ് അനുഷ്ഠാനവാദ്യങ്ങളോടെ ശാസ്താംപാട്ട് നടത്തുന്നത്.