ഈരാറ്റുപേട്ട : അഗ്‌നിരക്ഷാവകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണസേനയുടെ ഭാഗമാകാൻ അവസരം. പൊതുജനങ്ങൾക്കും, സർക്കാർ , അർദ്ധസർക്കാർ, പൊതുമേഖല ജീവനക്കാർക്കും, പെൻഷൻകാർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, എൻജിനിയർമാർ തുടങ്ങി സേവന സന്നദ്ധരായ എല്ലാവർക്കും അംഗമാകാം. യുവതീ - യുവാക്കളിൽ സ്റ്റുഡന്റ് പൊലീസ് സേനാംഗങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി വോളന്റിയർമാർ എന്നിവർക്ക് പരിണനയുണ്ട്. അംഗമാകുന്നവർക്ക് ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പരിശീലനവും, തിരിച്ചറിയൽ കാർഡും,സർട്ടിഫിക്കറ്റും കൂടാതെ ദുരന്തനിവാരണ പ്രവർത്തന സമയത്ത് ധരിക്കുന്നതിനുളള മെറ്റാലിക് ബാഡ്ജും റിഫ്‌ളക്ടീവ് ജാക്കറ്റും രക്ഷാഉപകരണങ്ങൾ അടങ്ങിയ കിറ്റും നല്കും. 50 പേർ അടങ്ങുന്നതാണ് ഒരു യൂണിറ്റ്. 18 വയസ് പൂർത്തിയായ , നാലാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിഫലേച്ഛ കൂടാതെ എതു ഘട്ടത്തിലും പ്രവർത്തിക്കുവാനുളള സന്നദ്ധതയും ശാരീരികവും മാനസികവുമായ ക്ഷമതയും ഉണ്ടാകണം. www.cds.fire.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ, 04822 274700 ,101 എന്നീ ഫോൺ നമ്പരിൽ ഈരാറ്റുപേട്ട അഗ്‌നിരക്ഷാനിലയത്തിലോ രജിസ്റ്റർ ചെയ്യാം.