കോട്ടയം: ഭാര്യയുമായി വഴക്കിട്ട തട്ടുകട ജീവനക്കാരനെ കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്. എച്ച്. മൗണ്ട് ഭാഗത്തെ തട്ടുകട ജീവനക്കാരൻ പ്രകാശനെയാണ് കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യത്തിന് അടിമയായിരുന്ന പ്രകാശൻ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രകാശൻ ലഹരി വിമോചന കേന്ദ്രത്തിൽ നിന്നും തിരികെ എത്തിയത്. ഇന്നലെ പ്രകാശൻ വീണ്ടും മദ്യപിച്ചു. ഇതേച്ചൊല്ലി ഭാര്യയുമായി തർക്കമുണ്ടാകുകയും തുടർന്ന് ജീവനൊടുക്കുകയുമായിരുന്നു. ഭാര്യയെ കൊലപ്പെടുത്താൻ പ്രകാശൻ ശ്രമിക്കുന്നതായി ബന്ധുക്കൾ ഗാന്ധിനഗ‌ർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേയ്ക്കും പ്രകാശൻ കിണറിന്റെ കമ്പിയിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് കോട്ടയത്ത് നിന്നും അഗ്‌നി രക്ഷാ സേന എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.