കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചു.
കടകൾ അടഞ്ഞുകിടന്നതും പൊതുഗതാഗത സംവിധാനങ്ങൾ താറുമാറായതുമാണ് ജനത്തെ വലച്ചത്. പ്രധാന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയെങ്കിലും ഉൾനാടുകളിലെ യാത്ര ദുരിതമായി. സ്വകാര്യ ബസുകൾ ഒാടിയില്ല. പരീക്ഷകൾ നടത്തിയെങ്കിലും പല സ്കൂളുകളിലും ഹാജർ കുറവായിരുന്നു. ജില്ലാ കളക്ടറേറ്റിൽ 52 ശതമാനവും സിവിൽ സ്റ്റേഷനിൽ 60 ശതമാനത്തിന് മുകളിലും ജീവനക്കാർ ഹാജരായി.
ചില ഇടങ്ങളിൽ ഹർത്താൽ അനുകൂലികൾ നിർബന്ധിച്ച് കട അടപ്പിക്കുകയും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തടയുകയും ചെയ്തു. ഇരുചക്രവാഹനങ്ങളിൽ സംഘംചേർന്ന് യാത്രചെയ്താണ് ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചത്. അതേസമയം ഇരുചക്രവാഹനത്തിൽ യാത്രചെയ്ത പൊതുജനത്തെ പലയിടത്തും തടയുകയും ചെയ്തു. കോട്ടയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ടു. മുണ്ടക്കയത്ത് വഴിതടഞ്ഞവരും യാത്രക്കാരും തമ്മിൽ സംഘർഷവുമുണ്ടായി.
ഹർത്താലുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയതിന് കോട്ടയം, ഗാന്ധിനഗർ, മുണ്ടക്കയം എന്നിവിടങ്ങളിലായി 6 പേരെ അറസ്റ്റുചെയ്തു. ശബരിമല തീർത്ഥാടകരെ ഹർത്താൽ ബാധിച്ചില്ല. എന്നാൽ ഹോട്ടലുകളും മറ്റും അടഞ്ഞുകിടന്നത് തീർത്ഥാടകർക്കും ബുദ്ധിമുട്ടുണ്ടാക്കി.