വൈക്കം: തമോഗുണത്തിൽ നിന്നുണ്ടായ ചിന്താഗതിമൂലം മരണത്തെ ജയിക്കുന്നതിനായാണ് ദേവന്മാരോട് അസുരന്മാർ സന്ധിചെയ്തതെന്ന് ആത്മീയാചാര്യൻ പാലക്കാട് ശ്രീകാന്ത് ശർമ്മ പറഞ്ഞു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിൽ കൂർമ്മാവതാരം വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലക്ഷ്യത്തിലെത്താനുള്ള ചിന്തയല്ല അപ്പപ്പോഴത്തെ സുഖത്തിനായി എന്തും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ മനുഷ്യരുടെ ചിന്തയെന്നും ഇന്ദ്രിയസുഖങ്ങളിൽ മുഴകുന്ന മനുഷ്യർക്ക് ഈശ്വരസാധന കുറയും അതോടെ ലക്ഷ്യത്തിലെത്താനുള്ള സാദ്ധ്യത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.