വൈക്കം: അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണമെന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനം തന്നെയാണ് എല്ലാ ആത്മീയ ഗ്രന്ഥങ്ങളുടേയും അന്തസത്തയെന്ന് പാലക്കാട് നാരായണീയാശ്രമം പെരിങ്ങര കേശവൻ നമ്പൂതിരി പറഞ്ഞു.
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരതഭാഗവതസത്രത്തിൽ വാമനാവതാരം വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭഗവത് ഗീതയുടെ സത്തയെന്തെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ കുറവ്. അഗാധമായ ഭക്തിക്ക് മുന്നിൽ പ്രതിബന്ധങ്ങളില്ല. ഭക്തി വികാരമായി മാറാതെ ആത്മസമർപ്പണമാകണം. നാമജപത്തിനൊപ്പം പ്രവർത്തികളും വേണം. മുതിർന്നവർ പ്രവർത്തിക്കുക, പ്രാർത്ഥിക്കുക എന്നതും കുട്ടികൾ പഠിക്കുക, പ്രവർത്തിക്കുക എന്നതും ചര്യയാക്കണം. അമ്മമാർ കുട്ടികൾക്ക് മാതൃകയാകണം. നന്മ നിറഞ്ഞ ഒരു സമൂഹത്തിന്റെ തുടക്കം കുടുംബങ്ങളിൽ നിന്നാവണം. വ്യക്തി ജീവിതം സംശുദ്ധമാകുമ്പോഴാണ് സമൂഹം നന്നാവുക. ജീവിതത്തെ എങ്ങനെ സമീപിക്കണമെന്ന് ശ്രീകൃഷ്ണൻ നമുക്ക് പറഞ്ഞു തരുന്നുണ്ട്. സത്കർമ്മം ചെയ്യാനുള്ള മനസ് ഭാഗവതം പകർന്ന് തരുമെന്നും അദ്ദേഹം പറഞ്ഞു.