വൈക്കം: താലൂക്ക് ഗവ: ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചതായി നഗരസഭാ ചെയർമാൻ പി.ശശിധരൻ അറിയിച്ചു. ആശുപത്രിയിൽ കഴിഞ്ഞ കുറേ നാളുകളായി സാമൂഹിക വിരുദ്ധശല്യം രൂക്ഷമായിരുന്നു. ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിരുന്നു. ആശുപത്രി ഉപകരണങ്ങളും ചില്ലുകളും തകർത്ത സംഭവം ഉണ്ടായി. ഇതെല്ലാം കണക്കിലെടുത്ത് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും നഗരസഭ കൗൺസിൽ യോഗവും വൈക്കം താലൂക്ക് ഗവ: ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ജില്ലാ പൊലീസ് മേധാവിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ച് ഉത്തരവായത്. ജനുവരി ആദ്യവാരം എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നടത്തുമെന്നും ചെയർമാൻ പറഞ്ഞു.