ഇളങ്ങുളം: കൂരാലി നാട്ടുചന്തയിൽ കാർഷിക വിളകൾക്ക് പുറമെ ഇന്നലെ പോത്തുകളും, മുട്ടനാടുകളും, മൂരിക്കുട്ടനും, കോഴിയും, മുയലും എല്ലാം ലേലത്തിൽ പോയപ്പോൾ വിപണിയ്ക്ക് പുതിയമുഖം. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഡോ.കെ.എം. ദിലീപ് പോത്തുകളുടെ ലേലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി അദ്ധ്യക്ഷയായി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മത്തായി, ഇളങ്ങുളം ബാങ്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ , ഫെയ്‌സ് പ്രസിഡന്റ് എസ്.ഷാജി , ബ്ലോക്ക് മെമ്പർ റോഡ്‌ലി ജോബി,ലിപഞ്ചായത്ത് മെമ്പർമാർ സൂര്യമോൾ, ഷേർലി അന്ത്യാക്കുളം, ബിന്ദു പൂവേലി, സുജാതാദേവി, കെ.ആർ. മന്മഥൻ, തോമസ്‌കുട്ടി പുതിയാപറമ്പിൽ ,പി.ആർ. മധുകുമാർ തുടങ്ങി കാർഷിക സാമൂഹ്യരംഗത്തെ പ്രമുഖരും, കർഷക സുഹൃത്തുക്കളും, വ്യാപാരികളും, നാട്ടുകാരും പങ്കെടുത്തു. സപ്പോട്ടയ്ക്ക കിലോ 200രൂപയ്ക്ക് ലേലം പോയപ്പോൾ കർഷകരിൽ ആവേശം ഉണർത്തി. എല്ലാ ചൊവ്വാഴ്ചയുമാണ് കൂരാലി നാട്ടുചന്ത.
കഴിഞ്ഞ വർഷം ഫെയ്‌സ് കർഷക കൂട്ടായ്മ അറുനൂറോളം മുറ പോത്തുകളെ കർഷകർക്ക് വിതരണം ചെയ്തിരുന്നു. അവയിൽ വളർച്ചെയത്തിയ പോത്തുകളെയാണ് ഇന്നലെ ലേലത്തിനെത്തിച്ചത്. പതിനായിരം രൂപയോളം വിലയിൽ അന്നു വാങ്ങിയ പോത്തുകൾക്ക് മുപ്പതിനായിരം രൂപയിലേറെ ലേലത്തിൽ കർഷകർക്ക് ലഭിച്ചു.