വൈക്കം: സത്ര വേദികളിലെ വലിയ ജനപങ്കാളിത്തം നമുക്ക് നൽകുന്നത് നല്ലൊരു സന്ദേശമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഖില ഭാരത ഭാഗവത സത്ര വേദിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഈശ്വരവിശ്വാസം നമ്മിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു. ആ വിശ്വാസമാണ് നമ്മെ പ്രത്യാശയോടെ മുന്നോട്ട് നയിക്കുന്നത്. വിശ്വാസികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. അവിശ്വാസികൾ ഈശ്വര വിശ്വാസികളായി മാറുന്നു. ശബരിമലയിലടക്കം നാമിത് കാണുന്നു. സത്ര വേദികൾ നമുക്ക് നൽകുക ജീവിതത്തേക്കുറിച്ചുള്ള ദിശാബോധമാണെന്നും എം.പി പറഞ്ഞു.
സത്ര നിർവഹണ സമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ജന.കൺവീനർ രാഗേഷ് ടി.നായർ എന്നിവർ ചേർന്ന് എം.പിയെ സത്ര വേദിയിൽ സ്വീകരിച്ചു.