visa-scam

കോട്ടയം: ഒരു കോടി രൂപ നൽകിയാൽ 1.30 കോടി രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയതിന് അകത്തായ ജയകുമാർ വിസ തട്ടിപ്പ് കേസിലും പ്രതി. ഇസ്രേയലിൽ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശികളായ രണ്ടു പേരിൽ നിന്ന് 14.20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിമാൻഡിൽ കഴിയുന്ന ഏറ്റുമാനൂർ പട്ടിത്താനം ചെരുവിൽ ജയകുമാറിനെ (42) കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും കുറവിലങ്ങാട് എസ്.ഐ ദീപു പറഞ്ഞു. തമിഴ്നാട്ടിലെ ചില മന്ത്രിമാരുടെയും നേതാക്കളുടെയും വ്യവസായികളുടെയും കണക്കിൽപ്പെടാത്ത പണം കയ്യിലുണ്ടെന്നും ഒരു കോടി രൂപ നൽകിയാൽ 1.30 ആയി തിരികെ തരാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് ജയകുമാറിനെ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 80 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം സ്വദേശിയായ സ്ത്രീയുടെ പരാതിയിലായിരുന്നു നടപടി.

പണം വെട്ടിക്കും വിസ തട്ടിക്കും

രണ്ട് മാസത്തിനുള്ളിൽ ഇസ്രേയലിലേക്ക് വിസ ശരിയാക്കിത്തരാമെന്ന വാഗ്ദാനത്തെത്തുടർന്നാണ് ഇടുക്കി സ്വദേശികളായ യുവാക്കൾ ജയകുമാറിന്റെ പട്ടിത്താനത്തെ വീട്ടിലെത്തിയത്. നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് 14.20 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാനമാണ് ഇവർ പണം നൽകിയത്. എന്നാൽ മാസങ്ങൾ പലത് കഴിഞ്ഞിട്ടും വിസ കിട്ടിയില്ല. പലപ്രാവശ്യം ജയകുമാറിന്റെ വീട്ടിലെത്തി വിസയുടെ കാര്യം സംസാരിച്ചതോടെ ഭീഷണിപ്പെടുത്തലായി. തുടർന്നാണ് ഇവർ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയതും കേസ്‌ രജിസ്റ്റർ ചെയ്തതും. ഇത്തരത്തിൽ സംസ്ഥാനത്തുടനീളം ജയകുമാർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

വീട്ടിൽ കരിങ്കോഴി സ്റ്റോക്കാണ് !

കൂടുതൽ ആളുകൾ വീട്ടിൽ എത്തിത്തുടങ്ങിയതോടെ നാട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാണ് വീടിനു ചുറ്റും 15 അടി ഉയരത്തിൽ ടിൻഷീറ്റുകൊണ്ട് കെട്ടി മറച്ചതെന്നും മുറ്റത്ത് അമ്പലം നിർമ്മിച്ചതെന്നും ജയകുമാർ പൊലീസിനോട് പറഞ്ഞു. കൂടാതെ അമ്പലത്തിൽ കുരുതികൊടുക്കാനായി കരിങ്കോഴികളെയും കരുതിയിരുന്നു. പൊലീസ് എത്തുമ്പോൾ വീട്ടിലെ കൂട്ടിൽ 12 കരിങ്കോഴികൾ ഉണ്ടായിരുന്നു. അതേസമയം, നോട്ടിരട്ടിപ്പ് കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. 500, 2000 രൂപയുടെ പുത്തൻ നോട്ടുകൾ ഉത്തമപാളയം, കമ്പം എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും, ഉപയോഗിച്ച് മുഷിഞ്ഞ ഒരു കോടിയുടെ നോട്ടുകൾ നൽകിയാൽ 1.30 കോടിയുടെ പുത്തൻ നോട്ടുകൾ തിരികെ നൽകുമെന്നായിരുന്നു ജയകുമാറിന്റെ ഓഫർ. ഈ ഓഫറിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുള്ളതായിട്ടാണ് അറിയുന്നത്. കൂടാതെ ജയകുമാറിന്റെ ഏജന്റുമാരുടെ പേരുകളും ക്രൈം ഡിറ്റാച്ച്മെന്റിന് ലഭിച്ചിട്ടുണ്ട്. അവരും താമസിയാതെ പിടിയിലാകും. എന്തായാലും പണം നഷ്ടമായ കൂടുതൽ പേർ പരാതികളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജയകുമാറിന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.