കോട്ടയം: ജില്ലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൈക്കത്ത് ബി.ജെ.പി സ്ഥാനാർത്ഥി കെ.ആർ രാജേഷും അകലക്കുന്നത്ത് ജോസ് കെ.മാണി വിഭാഗത്തിലെ ജോർജ് തോമസും വിജയപുരത്ത് എൽ.ഡി.എഫിലെ ഉഷ സോമനും വിജയിച്ചു.
വൈക്കം നഗരസഭയിലെ 21 -ാം വാർഡിൽ 79 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.ആർ രാജേഷ് വിജയിച്ചത്. എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ വൈസ് ചെയർമാൻ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.പി സ്ഥാനാർത്ഥി 257 വോട്ടും, കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയ രാജേഷ് 178 വോട്ടും സി.പി.എം സ്ഥാനാർത്ഥി ഷാനി സുരേഷ് 170 വോട്ടും നേടി.
കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടിയ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലേയ്‌ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗത്തിനാണ് വിജയം. ഭൂരിപക്ഷം 63 വോട്ട്. ജോസ് കെ.മാണി വിഭാഗത്തിലെ ജോർജ് തോമസിന് 320 വോട്ടും ജോസഫ് വിഭാഗത്തിലെ ബിബിൻ തോമസിന് 257 വോട്ടും, എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റോച്ചന് 29 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി രഞ്ജിത്തിന് 15 വോട്ടുമാണ് ലഭിച്ചത്.
വിജയപുരം പഞ്ചായത്തിലെ രണ്ടാം വാർഡ് നാൽപ്പാമറ്റത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഉഷ സോമൻ 57 വോട്ടിനാണ് വിജയിച്ചത്. ഉഷ സോമന് 467 വോട്ടും, യു.ഡി.എഫ് സ്ഥാനാർത്ഥി ലക്ഷ്മി എ. നായർക്ക് 410 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി സൈറ ബാനുവിന് 67 വോട്ടും ലഭിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.