
ചങ്ങനാശേരി: നഗരമദ്ധ്യത്തിലൂടെ ഒഴുകുന്ന താമരശേരി തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ദുർഗന്ധവും കൊതുകുശല്യവും അസഹനീയമാണെന്ന് സമീപവാസികൾ പറയുന്നു. തോട്ടിൽ ഒഴുക്കു നിലച്ച് മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെ സ്ഥലങ്ങളിലും കാടും പടർപ്പും പിടിച്ച് നീരൊഴുക്കും തടസപ്പെട്ടു. താമരശ്ശേരി തോട്ടിൽ നിന്നുള്ള മാലിന്യങ്ങൾ എ.സി കനാലിലാണ് ചെന്ന് പതിക്കുന്നത്. പ്രദേശവാസികൾ പ്രാഥമികാവശ്യങ്ങൾക്കായ് ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. തോട് നവീകരിച്ച് കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമെന്നുള്ള ആശങ്കയിലാണ് ജനം. ചില കെട്ടിടങ്ങളുടെ കക്കൂസ് പൈപ്പുകൾ പോലും ഇതിലേക്കാണ് കൊടുത്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് താലൂക്ക് വികസന യോഗങ്ങളിലടക്കം പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പ്ലാസ്റ്റിക് പാഴ് വസ്തുക്കളും കുപ്പികളും കൂടിക്കിടക്കുന്നത് കാരണം കൊതുകുകൾ പെരുകാനും ഇടയാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിലാണ് മാലിന്യനിക്ഷേപം രൂക്ഷമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. തോട്ടിലെ മാലിന്യങ്ങൽ നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുന്നതോടൊപ്പം ഇതിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ച തോട് സംരക്ഷിക്കണമെന്ന ആവശ്യം ഇപ്പോൾ വീണ്ടും ശക്തമായിരിക്കുകയാണ്.