കോട്ടയം: രണ്ടിലയിൽ മൽസരിച്ച ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ മലർത്തിയടിച്ച് അകലക്കുന്നം പൂവത്തിളപ്പ് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന് ഉജ്വല വിജയം. 63 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസഫിന്റെ ബിപിൻ തോമസിനെ ജോസിന്റെ ജോർജ് തോമസ് തോൽപ്പിച്ചത്.
ഇതോടെ 15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ആറംഗങ്ങളുള്ള ജോസ് വിഭാഗം വലിയ ഒറ്റകക്ഷിയായി. യു.ഡി.എഫിലുള്ള ഇരുഗ്രൂപ്പിനെയും പിണക്കാതെ കോൺഗ്രസ് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തെങ്കിലും കോൺഗ്രസ് വോട്ട് ജോസ് വിഭാഗത്തിന് ലഭിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
കാസർകോട്ട് ബളാലിൽ 598 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോസ് വിഭാഗം സ്ഥാനാർത്ഥി ജോയ് മൈക്കിൾ ജയിച്ചിരുന്നു. ചെയർമാൻ സ്ഥാനവും രണ്ടില ചിഹ്നവും സംബന്ധിച്ച് ജോസഫുമായുള്ള തർക്കം തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്നതിനിടയിലെ വിജയം ജോസ് പക്ഷത്തിന് ആത്മവിശ്വസം പകരുന്നതായി.
വിജയം യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ശ്രമിച്ച ഒറ്റുകാർക്കുള്ള തിരിച്ചടിയാണെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. ജനാധിപത്യത്തിൽ ആത്യന്തികമായി വിധി നിര്‍ണയിക്കുന്നത് ജനങ്ങളുടെ കോടതിയാണെന്നും ജോസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അകലക്കുന്നത്ത് 100ൽ പരം വോട്ട് ലഭിച്ച ഇടതു സ്ഥാനാർത്ഥിക്ക് ഈ തിരഞ്ഞെടുപ്പിൽ 29 വോട്ട് മാത്രം ലഭിച്ചത് വോട്ട് കച്ചവടം നടന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ ആരോപിച്ചു.