കോട്ടയം: ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർക്കൊപ്പം ദുരിതത്തിലാണ് പെൻഷൻകാരും. 2018 മേയ് ക്കുശേഷം വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റി , പ്രൊവിഡന്റ് ഫണ്ട് എന്നിവ ലഭിച്ചിട്ടില്ല. സമരത്തിനിറങ്ങാനാണ് റിട്ട. എംപ്ളോയീസ് ഫോറത്തിന്റെ തീരുമാനം.
ജീവനക്കാരുടെ ഇ.പി.എഫ് വിഹിതം അടക്കുന്നതിൽ കമ്പനി വരുത്തിയ വീഴ്ചയാണ് പി.എഫ് ലഭിക്കുന്നതിന് തടസമായത്. 2017 ഏപ്രിൽ മുതൽ കമ്പനി വിഹിതവും സെപ്തംബർ മുതൽ ജീവനക്കാരുടെ വിഹിതവും അടച്ചില്ല.വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളുടെ തിരിച്ചടവിനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന്
പിടിച്ച തുകയും അതതു സ്ഥാപനങ്ങളിൽ അടക്കാതെ തടഞ്ഞു വച്ചിരിക്കുകയാണ്. 20ന്
വിരമിച്ച ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഫാക്ടറി പടിക്കൽ ധർണ നടത്തും. രാവിലെ ഒൻപതിന് തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഗ്രാറ്റുവിറ്റി 4.5 ലക്ഷം വരെ


36 വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് പരമാവധി നാലരലക്ഷം രൂപയാണ് ഗ്രാറ്റുവിറ്റിയായി ലഭിക്കാനുള്ളത്. പി.എഫ് പെൻഷൻ പരമാവധി 3000 രൂപയും.
2010 വരെയുള്ള വേജ് ബോർഡ് ശുപാർശ അനുസരിച്ചാണ് അവസാന ശമ്പളം കണക്കാക്കിയിരുന്നതെങ്കിൽ വിരമിച്ചവർക്ക് ന്യായമായ ഗ്രാറ്റുവിറ്റിയും പി.എഫ് ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് അടക്കമുള്ളവ മൂലം പലരും നിത്യവൃത്തി കഴിയാൻപോലും ബുദ്ധിമുട്ടുകയാണ്.

'' ആയുഷ്‌കാലം മുഴുവൻ സിമന്റ് പൊടിയിൽ രാപകലില്ലാത്തെ അധ്വാനിച്ചവരിൽ പലരും മാറാരോഗികളാണ്. മരുന്നുവാങ്ങാൻപോലും സാധിക്കാത്ത അവസ്ഥയിലാണ് പലരും''-
ജോൺ. വി.ചെറിയാൻ,​ (പ്രസിഡന്റ് എംപ്ലോയീസ്‌ േഫാറം)​