വൈക്കം: കൃത, ദ്വാപര,ത്രേതാ യുഗങ്ങളിൽ നടന്ന ഭഗവാന്റെ അവതാരങ്ങൾ കലിയുഗത്തിൽ ഇതുപോലുളള സത്രങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂയെന്നും ഭഗവാനെ കാണാനും മനസിലാക്കാനും തൊട്ടറിയാനുമുളള അവസരമാണ് സത്രവേദികളെന്നും ഡോ. പൂജപ്പുര കൃഷ്ണൻ നായർ പറഞ്ഞു.
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഖില ഭാരത ഭാഗവത മഹാസത്രത്തിൽ ഗോവിന്ദാഭിഷേകം വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗാവസ്ഥയിലുളള ആനന്ദത്തിന് പരിധിയില്ല. രാസലീല എന്നത് സങ്കൽപ്പസമാധിയുടെ ഉയർന്ന അവസ്ഥയാണ്. അദ്ധ്യാത്മികമായ ഉയർച്ചയിലൂടെ മാത്രമേ രാസലീല എന്തെന്ന് മനസിലാക്കാനാവു. ഈ ഉന്നതതലത്തിൽ നിന്നാണ് മേൽപ്പത്തൂർ നാരായണീയം എഴുതിയിട്ടുള്ളത്. ലോകത്തിലെ എല്ലാ ആകർഷണീയതയും ഒരുമിച്ച് കൂടിയാലും ഭഗവാന്റെ ഒരംശം പോലുമാവില്ല. ഏത് കലയും പൂർണ്ണമായി ലയിച്ചു പ്രവർത്തിച്ചാൽ അത് രാസലീലയാകും. അത് ആനന്ദം പ്രദാനം ചെയ്യും. ആനന്ദസ്വരൂപനാണ് കൃഷ്ണൻ. ആ ആനന്ദസ്വരൂപത്തിനെ അനുഭവിക്കുവാൻ കഴിയുന്നതേ വലിയ ഭാഗ്യമാണ്. അവരവരുടെ കർത്തവ്യം ഭഗവാന്റെ നിയോഗമായി കരുതി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.