കോട്ടയം: സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം വയസ്കരയിൽ ഗലീലിയൊ സയൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. 16 ഇഞ്ച് ടെലിസ്കോപ്പോടുകൂടിയ വാനനിരീക്ഷണകേന്ദ്രം, വിദ്യാർത്ഥികൾക്കായുള്ള ടെലസ്കോപ്പ് നിർമാണ പരിശീലനം, സൗരയുഥ പ്രതിഭാസങ്ങളുടെ മാതൃകകൾ, ജ്യോതിശാസ്ത്ര പഠന ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള റഫറൻസ് ലൈബ്രറി, ശാസ്ത്രപഠനത്തിനുള്ള പരീക്ഷണ മോഡലുകൾ എന്നിവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 16 ഇഞ്ച് ടെലിസ്കോപ്പിന്റെ ഉദ്ഘാടനം ബ്രേക് ത്രൂ സയൻസ് സൊസൈറ്റി അഖിലേന്ത്യ ജനറൽ സെക്രട്ടരി ഡോ. സൗമിത്ര ബാനർജി നിർവഹിച്ചു. എം.ജി. സർവകലാശാല സ്കൂൾ ഒഫ് പ്യൂവർ ആന്റ് അപ്ലൈഡ് ഫിസിക്സ് റിട്ട. പ്രൊഫസർ ഡോ.സി.എസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ഇന്ദുലേഖ, ഡോ. ബി.കെ. ബിന്ദു, ഫാ. കെ.വി. പൗലോസ് എന്നിവർ പ്രസംഗിച്ചു.

പ്രൊഫ.പി.എൻ. തങ്കച്ചൻ സ്വാഗതവും അരുൺജിത്ത് നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചു.