പാലാ : പാലാ പട്ടണത്തിന്റെ സുവർണ ശോഭയായ പാലാ മുനിസിപ്പൽ കൗൺസിൽ ജനകീയ ഭരണം നിലവിൽ വന്നിട്ട് 70 വർഷം പൂർത്തിയായി. മീനച്ചിലാറിന്റെ തീരത്തെ പാലാ 'അങ്ങാടി' പാലാ നഗരമായി വളർന്നത് പാലാ നഗരസഭയായതോടെയാണ്. വില്ലേജ് യൂണിയനിൽ നിന്ന് നഗരസഭയിലേക്കുള്ള വളർച്ച ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ആദ്യ നഗരസഭാ തിരഞ്ഞെടുപ്പ് 1947ൽ നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ രണ്ട് വർഷം കൗൺസിൽ കൂടാനോ ചെയർമാന് അധികാരമേൽക്കാനോ കഴിഞ്ഞില്ല. ഭൂരിപക്ഷ കക്ഷിയുടെ നേതാവായ ആർ.വി.തോമസ് ആദ്യ ചെയർമാനായെങ്കിലും സത്യപ്രതിജ്ഞ ചെയ്യാനോ അധികാരമേൽക്കാനോ സാധിച്ചിരുന്നില്ല. അതിനാൽ മുനിസിപ്പൽ കൗൺസിൽ വിളിച്ചുകൂട്ടാനായില്ല.
സാങ്കേതിക തടസങ്ങളെല്ലാം മറികടന്ന് 1949 നവംബർ 24 ന് ജോർജ് തോമസ് കൊട്ടുകാപ്പള്ളിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതോടെയാണ് ആദ്യ ജനകീയ ഭരണ സമിതി അധികാരമേൽക്കുന്നത്. നഗരസഭാ കൗൺസിൽ ഔപചാരികമായി രൂപം കൊള്ളുന്നത് അവിടം മുതലാണ്. ജോർജ്ജ് തോമസ് കൊട്ടുകാപ്പള്ളി, കെ.എസ്.സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ, ചെറിയാൻ ജെ. കാപ്പൻ തുടങ്ങി പ്രഗത്ഭരായ നേതാക്കളുടെ ഒരു നിരതന്നെ പിന്നീട് പാലാ നഗരസഭയെ നയിക്കാനെത്തി.
ഇന്നിപ്പോൾ കേരളത്തിലെ എഗ്രേഡ് നഗരസഭയാണ് പാലാ. വിസ്തീർണം കൊണ്ട് ചെറുതാണെങ്കിലും പദ്ധതി നിർവഹണത്തിലും നഗരആസൂത്രണത്തിലും മുൻപന്തിയിലാണ് പാലാ. കേരളമെങ്ങും ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ നൂതന പദ്ധതികൾ വിജയകരമായി ആവിഷ്‌കരിച്ച് നടപ്പാക്കി 'പാലാ മോഡൽ' തന്നെ ഒരുക്കാൻ കഴിഞ്ഞത് നഗരസഭയ്ക്ക് പൊൻതൂവലായി.