വൈക്കം: യുക്തിവാദത്തിന്റെയോ നാസ്തികതയുടേയോ പാരമ്യത്തിൽ നിൽക്കുന്നവരിൽ പോലും സുഖവും സന്തോഷവും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ലെന്ന് ഡോ. വി.പി. വിജയമോഹൻ പാഞ്ഞു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാമത് അഖില ഭാരതഭാഗവത സത്ര വേദിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുഖം മനസിന്റെ അവസ്ഥയാണ്. അത് വസ്തുവിലല്ല. സുഖം തേടിയുള്ള യാത്രകളിലാണ് നമുക്ക് പല നന്മകളും നഷ്ടമാവുക. മനുഷ്യൻ പ്രകൃതിയോടിണങ്ങണം. ഗൃഹസ്ഥാശ്രമിയാകണം. അവിടെ ദാനം, ദയ, ദമം എന്നിവ ഒത്തുചേരുന്ന ദാമ്പത്യമുണ്ടാവണം. അങ്ങനെയുള്ളവർക്ക് സ്വയം നിയന്ത്രിക്കാനാവും. ഇവിടെ ഭൂരിപക്ഷം അച്ഛനമ്മമാരും മക്കൾ നല്ലവരാകണമെന്നല്ല, വലിയവരാകണമെന്നാണ് ആഗ്രഹിക്കുന്നത്. നന്മയില്ലാതെ വലിയവനാകുന്നവൻ ഒടുവിൽ സമൂഹത്തിനും വീടിനും ബാദ്ധ്യതയാകും. ഭാരതീയ കുടുംബസങ്കല്ലം വിവക്ഷിക്കുന്നത് ജീവിത യജ്ഞമാണ്. പക്ഷേ നാം ചെയ്യുന്നത് ജീവിത വ്യാപാരമാണ്. അവിടെ മൂല്യച്യുതികളുണ്ടാകുന്നു. മാതാ പിതാ ഗുരു ദൈവം മാറി എല്ലാം ഗൂഗിളായി. ആത്മബോധത്തെ അറിയുവാനാണ് പീനം. അതിന്റെ അന്തസത്ത നഷ്ടമാകുന്നു. സ്വാർത്ഥതയാണ് നാം ആദ്യം മക്കളെ പഠിപ്പിക്കുക. അത് അവർക്ക് അവരെ തന്നെ നഷ്ടപ്പെടുത്തുവാനാണ് ഇടയാക്കുക. മക്കളെ പഠിപ്പിച്ച് വലിയവരാക്കാനുള്ള വ്യഗ്രതയിൽ പ്രായമായ അച്ഛനമ്മമാരെ നാട്ടിൻപുറത്ത് തനിച്ചാക്കി നഗരത്തിലെ ഫ്‌ളാറ്റിലേക്ക് താമസം മാറുമ്പോൾ തുടങ്ങുന്നു സ്വാർത്ഥതയുടെ ബാലപാഠങ്ങൾ. അവിടെ നഷ്ടമാവുക സ്‌നേഹ ബന്ധങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.