വൈക്കം: നഗരസഭ 21 ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.സ്ഥാനാർത്ഥി കെ.ആർ.രാജേഷ് 79 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന അഡ്വ. വി.വി.സത്യൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തായി. ബി.ജെ.പി.സ്ഥാനാർത്ഥി കെ.ആർ.രാജേഷ് 257 വോട്ടും, യു.ഡി.എഫ് സ്ഥാനാർത്ഥി പ്രീത രാജേഷ് 178 വോട്ടും , എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഷാനി സുരേഷ് 170 വോട്ടും നേടി. ആകെ 605 വോട്ടാണ് പോൾ ചെയ്തത്. കഴിഞ്ഞതവണയും ഇവിടെ ശക്തമായ ത്രികോണമത്സരം നടന്നിരുന്നു. കെ.ആർ. രാജേഷ് തന്നെയായിരുന്നു അന്നും ബി.ജെ.പി സ്ഥാനാർത്ഥി. അന്ന് യു.ഡി.എഫ് 252, എൽ.ഡി.എഫ് 200, ബി.ജെ.പി. 199 എന്നിങ്ങനെയായിരുന്നു വോട്ടുനില. ഇന്നലെ രാവിലെ നഗരസഭ കാര്യാലയത്തിലാണ് വോട്ടെണ്ണൽ നടന്നത്. ജില്ല മണ്ണ് സംരക്ഷണ ഓഫീസർ വി.ടി. പത്മകുമാറായിരുന്നു വരണാധികാരി.