കോട്ടയം: മുന്നൊരുക്കങ്ങളും ബദൽ മാർഗങ്ങളും ഇല്ലാതെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്തുവിംഗ് നാളെ കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.

പ്ലാസ്റ്റിക് നിരോധനത്തോട് സംഘടനയ്ക്ക് യോജിപ്പാണ്. എന്നാൽ പകരം സംവിധാനങ്ങൾ ഇല്ലാതെ നിരോധനം നടപ്പിലാക്കിയാൽ വ്യാപാരശാലകളിലെ പ്രതിസന്ധി രൂക്ഷമാകും. കടുത്ത സാമ്പത്തിക മാന്ദ്യവും കച്ചവട മാന്ദ്യവം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാൻ സമയം വേണം. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങളുടെ കാര്യത്തിലും അവ്യക്തതയുണ്ട്. ഇതൊന്നും പരിഗണിക്കാതെ നിരോധനം നടപ്പിലാക്കിയാൽ ആ തീയതി മുതൽ ഉദ്യോഗസ്ഥർ കടകളിൽ കയറിയിറങ്ങി വ്യാപാരികളെ ബുദ്ധിമുട്ടിക്കാനുള്ള സാദ്ധ്യതയുമുണ്ട്. അതുകൊണ്ട് വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ നിരോധനം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ് നാളെ കോട്ടയത്തും ധർണ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് കോട്ടയം ജില്ലാ വ്യാപാരഭവനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസ് കുട്ടി ഉദ്ഘാടനം ചെയ്യും. യൂത്തുവിംഗ് ജില്ല പ്രസിഡന്റ് അനൂപ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, യൂത്തുവിംഗ് ജനറൽ സെക്രട്ടറി ദീപക് ചേരിയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജിന്റു കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.