പാലാ : പുതുതലമുറയെ നീന്തൽ പഠിപ്പിക്കാൻ വന്ന തോപ്പൻമാരെ ഇങ്ങനെ കുളത്തിൽ മുക്കിക്കൊല്ലല്ലേ നഗരസഭാധികാരികളെ. മുനിസിപ്പൽ സ്റ്റേഡിയത്തിലെ നീന്തൽക്കുളം വാടകയ്ക്ക് എടുത്തു പോയി എന്ന തെറ്റേ നീന്തൽ തറവാട്ടുകാരായ തോപ്പൻസ് കുടുംബം ചെയ്തുള്ളൂ. അതിന് അവരെ നിലയില്ലാകയത്തിലേക്ക് തള്ളിവിടുന്നത് ശരിയാണോ?
കഥ ഇങ്ങനെ : കോടികൾ മുടക്കി പണിത മുനിസിപ്പൽ സ്റ്റേഡിയത്തിലെ കോംപ്ലക്‌സിന്റെ മുകൾ നിലയിൽ ഒന്നാന്തരം ഒരു നീന്തൽക്കുളവും പണി തീർത്തു. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും ഇത് ഏറ്റെടുക്കാൻ ആരും വന്നില്ല. ഒടുവിൽ പ്രമുഖ നീന്തൽ കോച്ചുമാരുള്ള തോപ്പൻസ് കുടുംബത്തെ അന്നത്തെ നഗരസഭാധികാരികൾ ക്ഷണിച്ചു. 10 ലക്ഷം രൂപ സെക്യൂരിറ്റി നൽകിയും മാസം ജി.എസ്. ടി ഉൾപ്പെടെ 31000 രൂപ വാടകയ്ക്ക് അവർ കുളം ഏറ്റെടുത്തു. വെള്ളവും കറന്റും നൽകാമെന്നായിരുന്നു വാഗ്ദാനം. ഏറ്റെടുത്ത് 10 മാസം കഴിഞ്ഞിട്ടും ഈ രണ്ടുകാര്യങ്ങളും നടപ്പാക്കാൻ അധികൃതർക്കായില്ലെന്ന് തോപ്പൻസ് അക്കാഡമി ഡയറക്ടർ മാത്യു പറഞ്ഞു.
ഇതിനിടെ കുളം മാത്രമ്രേ വാടകയ്ക്ക് തരൂ, കുളത്തിലിറങ്ങാൻ തുണി മാറാനുള്ള മുറി വേണമെങ്കിൽ വേറെ ഒരു കാൽ ലക്ഷം കൂടി മാസ വാടക വേണമെന്നായി നഗരസഭ. ഇതു കൂടി കേട്ടതോടെ സഹികെട്ട് കോംപ്ലക്‌സിലെ കുളത്തിൽ നിന്ന് തോപ്പൻമാർ കരയ്ക്ക് കയറി. ഇനി ഈ പണിക്ക് തങ്ങളില്ല, 10 ലക്ഷം തിരികെ തന്നാൽ സ്ഥലം വിട്ടോളാമെന്നായി ഇവർ. പക്ഷേ തുക തിരിച്ച് നൽകാൻ കഴിയില്ലെന്നാണ് നഗരസഭയുടെ വാദം. ഇതിനിടെ നഗരസഭാ കൗൺസിൽ വിഷയം ചർച്ച ചെയ്യാനും തോപ്പൻമാരെ പിടിച്ചു നിറുത്താനും സബ് കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റിയംഗങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇനിയും നഗരസഭയുടെ കുളത്തിലിറങ്ങില്ലെന്ന ശപഥം മാറ്റാൻ തോപ്പൻസ് തയ്യാറായിട്ടില്ല. മുൻ തീരുമാനങ്ങളിൽ നിന്ന് മുങ്ങാംകുഴിയിടുന്ന നഗരസഭാധികാരികളുടെ തീരുമാനത്തിൽ മനം മടുത്ത തോപ്പൻസിലെ മാത്യു ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ കൂടി തങ്ങളുടെ വേദന പങ്കുവച്ചു.

കുളം ഏറ്റെടുത്തത് : 31000 രൂപ വാടകയ്ക്ക്

സെക്യൂരിറ്റി തുകയായി നൽകിയത് : 10 ലക്ഷം

വെള്ളവും വൈദ്യുതിയും എത്തിയില്ല

വെള്ളവും കറന്റും പോലും തരാതെ പറ്റിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ പടിയിറങ്ങി. വീട്ടിൽ കിടന്നുറങ്ങിയ ഞങ്ങളെ വിളിച്ചുണർത്തി അത്താഴമില്ല എന്ന് പറയുമ്പോലെയായി. ഉപയോഗിക്കാതെ കിടന്ന പൂൾ വാടകയ്‌ക്കെടുത്ത ദിവസം മോട്ടർ വച്ച് മൂന്നുദിവസം തുടർച്ചയായി പമ്പുചെയ്ത് നിറച്ചതാണ്. ഇക്കാര്യത്തിൽ ഞങ്ങളെ സഹയിച്ചവരെയും മധുര പ്രതികാരം വീട്ടിയവരെയും സ്‌നേഹത്തോടെ ഓർക്കുന്നു.
തോപ്പൻ മാത്യു