കോട്ടയം: കുട്ടനാടിന് ഇത് പ്രതീക്ഷയുടെ കാലമാണ്. എങ്ങും കതിരണിയാൻ കാത്തുനിൽക്കുന്ന പാടശേഖരങ്ങൾ. പ്രതീക്ഷയോടെ മുന്നോട്ടുപോകുമ്പോൾ കർഷകർക്ക് ആശങ്ക നൽകുന്ന കാര്യവും മുന്നിലുണ്ട്. അത് ഒാരുവെള്ള ഭീഷണിയാണ്. കടലിൽ വേലിയേറ്റം ശക്തമായതോടെ കായംകുളം മത്സ്യബന്ധന തുറമുഖം വഴി ഉപ്പുവെള്ളം കയറുന്നതിനാൽ കുട്ടനാട്, അപ്പർകുട്ടനാട്, കരിനിലങ്ങളിലെ ആയിരക്കണക്കിന് ഏക്കർ നെൽകൃഷിക്കാണ് ഭീഷണി ഉയർത്തുന്നത്. തോട്ടപ്പള്ളി സ്പിൽവേ, തൃക്കുന്നപ്പുഴ ചീപ്പ് എന്നിവിടങ്ങളിലെ ഷട്ടറുകൾ വേലിയേറ്റ സമയത്ത് പൂർണമായും താഴ്ത്താത്തതാണ് ഉപ്പുവെള്ളം കയറാൻ കാരണമായതെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ ദിവസം കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ പൂർണ്ണമായും താഴ്ത്തി. എന്നാൽ കായംകുളം കായൽ വഴി ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയുന്നില്ല. ഇതാണ് ആശങ്ക ഉയർത്തുന്നത്. കായംകുളം മത്സ്യബന്ധന തുറമുഖം പൂർണ്ണമായും തുറന്ന് കിടക്കുന്നതിനാൽ, വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം തൃക്കുന്നപ്പുഴ ചീപ്പ്, പുളിക്കീഴ് ആറ്, ഡാണാപ്പടി തോട് വഴി അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ എത്തും. തൃക്കുന്നപ്പുഴ ചീപ്പ് അടഞ്ഞു കിടന്നാലും ഉപ്പുവെള്ളം കായംകുളം കായലുമായി ബന്ധമുള്ള കാർത്തികപ്പള്ളി, ഡാണാപ്പടി, മഹാദേവികാട് പുളിക്കീഴ് തോടുവഴി കരുവാറ്റ കൊപ്പാറക്കടവിൽ എത്തുന്നതും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വേലിയേറ്റ സമയത്ത് ജലഗതാഗതം തടസപ്പെടാതെ തൃക്കുന്നപ്പുഴ ചീപ്പിലെ ഷട്ടറുകൾ കൃത്യമായി അടയ്ക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ചയും ഉപ്പുവെള്ളം കയറാൻ കാരണമാകുന്നു. കായലുമായി ബന്ധമുള്ള ചെറുകൈവഴികളിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയാൻ മൈനർ ഇറിഗേഷൻ വകുപ്പ് മുൻകാലങ്ങളിൽ ഓരുമുട്ട് താൽക്കാലികമായി സ്ഥാപിച്ചിരുന്നു. പുളിക്കീഴ്, ത്രാശ്ശേരി, ഡാണാപ്പടി, കാർത്തികപ്പള്ളി, കന്നുകാലിപ്പാലം,കൊട്ടാരവളവ്, മാന്തറമീച്ചാൽ,നാലുചിറ, കരുവാറ്റ ഉൾപ്പെടെ 25 ഓരുമുട്ടുകളാണ് എല്ലാ വർഷവും നിർമ്മിക്കുന്നത്. എന്നാൽ ഇത്തവണ ഇത് നിർമ്മിക്കാത്തതാണ് ഉപ്പെവെള്ളം കയറാൻ ഇടയായത്. ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിലാണ് വേലിയേറ്റം ശക്തമാകുന്നത്. പുഞ്ചകൃഷിയിൽ ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ഓരുജലം കയറി നെൽകൃഷി നശിക്കുമെന്ന് കർഷകർ പറഞ്ഞു.

ഭീതിയുടെ മുഖം

പുറക്കാട്, കരുവാറ്റ, ചെറുതന, അമ്പലപ്പുഴ, തകഴി, വീയപുരം പഞ്ചായത്തുകളിലെ കരിനിലങ്ങൾ.

 കുട്ടനാട്ടിലെ നിലങ്ങളും ഉപ്പുവെള്ള ഭീഷണിയിലാണ്.

 20 മുതൽ 80ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് കുട്ടനാട്ടിലെ പാടങ്ങളിലുള്ളത്.

 കരിനിലങ്ങളിൽ കതിർ പ്രായമായ നെൽച്ചെടികളാണുള്ളത്.

ഏക്കറിന് 15000ൽ അധികം രൂപ ചെലവഴിച്ചാണ് കൃഷി ഇറക്കിയത്.

 പുളിക്കീഴ് റഗുലേറ്റിംഗ് സംവിധാനം

പുളിക്കീഴ് പാലത്തിൽ ഓരുവെള്ളം കയറുന്നത് തടയാൻ റഗുലേറ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് സുരേഷ് ഗോപി എം.പി 2016-17വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3.73 കോടി രൂപ അനുവദിച്ചതാണ്. മൂന്ന് വർഷം കഴിഞ്ഞിട്ടും ഇറിഗേഷൻ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.