കട്ടപ്പന: കണ്ണീർക്കായലിൽ അനവധി കുടുംബങ്ങളെ മുക്കിത്താഴ്ത്തിയിട്ട് കട്ടപ്പനയിലെ അന്നമ്മ ജോർജ് ഒരു മുങ്ങൽ മുങ്ങി. പാെലീസിനെപ്പോലും കബളിപ്പിച്ചുകൊണ്ട് മുങ്ങിയ അന്നമ്മ തട്ടിയെടുത്തത് കോടികൾ.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അന്നമ്മ നടത്തിയ കോടികളുടെ തട്ടിപ്പ് മനസാക്ഷിയുള്ള ആരും കേട്ടിരിക്കില്ല. അന്നമ്മ ജോർജ് (സിനി-36) ആള് ചില്ലറക്കാരിയല്ല, അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ തങ്കമാണ് തങ്കം. പിടിക്കുമെന്നായപ്പോൾ മുൻകൂർ ജാമ്യമെടുക്കാനായി ശ്രമം. മുട്ടം, അടിമാലി കോടതികൾ ജാമ്യാപേക്ഷകൾ തള്ളിയതോടെ അന്നമ്മ മുങ്ങി. ഇനി എവിടെ പൊങ്ങുമെന്നറിയാൻ കാത്തിരിക്കുകയാണ് തട്ടിപ്പിനിരയായവർ.
വീട് പണയപ്പെടുത്തിയും സ്ഥലം വിറ്റും പലിശയ്‌ക്കെടുത്തും ലക്ഷങ്ങൾ നൽകിയവർ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. നിരവധിപേർ ഇന്നും നാട്ടിലെത്താനാകാതെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചുതാമസിക്കുകയാണ്.
കാനഡ ആസ്ഥാനമായുള്ള എക്‌സ്പ്രസ് വിസാസ് എന്ന കമ്പനിയുടെ റിക്രൂട്ട്‌മെന്റ് മനേജർ എന്ന വ്യാജരേഖ കാട്ടിയാണ് അന്നമ്മ പലരിൽ നിന്നായി കോടികൾ തട്ടിയത്.
സംശയം തോന്നാതിരിക്കാൻ കമ്പനിയുടെ സി.ഇ.ഒയാണെന്ന് പറയുന്ന ഓം അഗർവാൾ എന്നയാളുമായി ഉദ്യോഗാർത്ഥികളിൽ ചിലർക്ക് സംസാരിക്കാനും അവസരമൊരുക്കിയിരുന്നു.
ഉദ്യോഗാർത്ഥികളിലൊരാളായ എറണാകുളം സ്വദേശിയുടെ സഹോദരൻ കാനഡയിലുണ്ടെന്നും ഇദ്ദേഹം ഓം അഗർവാളുമായി നേരിട്ട് സംസാരിച്ചതായും വിശ്വസിപ്പിച്ചു. തുടർന്ന് വിസയുടെ പകുതി പണം ആളുകളിൽ നിന്ന് അഡ്വാൻസായി വാങ്ങിയെടുത്തു. ഭൂരിഭാഗം ആളുകളും നേരിട്ടാണ് പണം കൈമാറിയത്. ചിലർ മാത്രമാണ് അന്നമ്മയുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്.
തുടർന്ന് 47 പേരെ ഖത്തറിലെ ദോഹയിൽ അൽതുമാമയിലുള്ള പാകിസ്ഥാനിയുടെ വില്ലയിലെത്തിച്ചു. അന്നമ്മയുടെ സംഘത്തിൽപ്പെട്ട ഹരിയാന സ്വദേശി രോഹിത്(സമീർ), നേഹ എന്നിവരാണ് ഉദ്യോഗാർത്ഥികളെ താമസസ്ഥലത്തെത്തിച്ചത്. ഉദ്യാഗാത്ഥികൾക്കൊപ്പം നെടുമ്പശേരി വിമാനത്താവളത്തിലെത്തിയ അന്നമ്മ ജോർജിനെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞവച്ചു. അന്നമ്മയുടെ പരസ്പര വിരുദ്ധമായ മറുപടിയിലും ആളുകളെ സംഘമായി കൊണ്ടുപോകുന്നതിലും സംശയം തോന്നിയ അവർ അന്നമ്മയുടെ പക്കലുള്ള രേഖകളും പാസ്‌പോർട്ടും പരിശോധിക്കുകയും ഇവരെ തിരിച്ചയ്ക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്ന് അന്നമ്മ പാസ്‌പോർട്ട് മാറിയതായും വിവരമുണ്ട്. തുടർന്ന് രണ്ടാഴ്ചയ്ക്കുശേഷം തിരുവനന്തപുരം വിമാനത്താവളം വഴി ഇവർ ഖത്തറിലെത്തുകയായിരുന്നു.
അന്നമ്മ എത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞ് രോഹിതിനേയും നേഹയേയും ഖത്തറിലെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. പിന്നീട് ഇരുവരും ഉദ്യോഗാർത്ഥികളുടെ താമസ സ്ഥലത്തേയ്ക്ക് എത്തിയിട്ടില്ല. തുടർന്ന് അന്നമ്മയാണ് വിസയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നത്. മാത്രമല്ല, കാനഡയിലെ കമ്പനിയിൽ കൂടുതൽ ഒഴിവുകൾ ഉണ്ടെന്നു പറഞ്ഞ് 19 പേരെക്കൂടി ഖത്തറിലെത്തിച്ചു.
നാടകം പൊളിയുന്നു
രോഹിത്തും നേഹയും പണവുമായി മുങ്ങിയിരിക്കുകയാണെന്നും അതിനാൽ നാട്ടിലേക്കു മടങ്ങിപ്പോകണമെന്നും ഒക്‌ടോബർ 20 ന് ഉദ്യോഗാർത്ഥികളോട് അന്നമ്മ അഭ്യർത്ഥിച്ചു. എന്നാൽ, ഇവർക്കെതിരെ ഖത്തർ പൊലീസിലോ ഇന്ത്യൻ എംബസിയിലോ പരാതിപ്പെടാൻ തയാറാകാത്തതും അന്വേഷിക്കാതിരുന്നതും ഉദ്യോഗാർത്ഥികളിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അത് സത്യമാണെന്ന് അവർക്ക് ബോദ്ധ്യമായി. ഇത്തരത്തിൽ 66 പേരിൽ നിന്നായി മൂന്നരക്കോടിയോളം രൂപയാണ് അന്നമ്മ കബളിപ്പിച്ചത്. ഉദ്യോഗാർത്ഥികൾ ബഹളം കൂട്ടിയതോടെ നാട്ടിലെത്തിയാൽ പണം തിരികെനൽകാമെന്നായി അന്നമ്മ. അങ്ങനെ സ്ത്രീകളെ ബന്ധുക്കളുടെ സഹായത്തോടെ ടിക്കറ്റെടുത്ത് ആദ്യം നാട്ടിലെത്തിച്ചു. പിന്നാലെ കൂടുതൽ പേരും സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങി. ഒടുവിൽ 18 പേർ മാത്രമായി. താമസസ്ഥലത്തെ വാടകയും ഭക്ഷണം കഴിച്ച ഇനത്തിൽ ഹോട്ടലിൽ നൽകാനുള്ള പണവുമെല്ലാം ഇന്ത്യൻ എംബസിയും സന്നദ്ധ സംഘടനകളും ചേർന്ന് നൽകിയതിനെ തുടർന്ന് അവശേഷിച്ചവരും അന്നമ്മയും തിരികെ നാട്ടിലെത്തി.
കൺമുന്നിലെത്തിയിട്ടും പിടിച്ചില്ല
നാട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ പണം നൽകാമെന്നായിരുന്നു അന്നമ്മ പറഞ്ഞിരുന്നെങ്കിലും ദിവസങ്ങൾ നീണ്ടുപോയി. ഇതിനിടെ തട്ടിപ്പിനിരയായവർ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെല്ലിൽ പരാതിയും തെളിവുകളും നൽകി.
ഇതിനുശേഷം കട്ടപ്പന മേഖലയിലുള്ളവർ കട്ടപ്പന പൊലീസിലും പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 26 ന് അന്നമ്മയെ കട്ടപ്പന സ്‌റ്റേഷനലേക്കു വിളിച്ചുവരുത്തി. കട്ടപ്പന എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ അന്നമ്മക്കെതിരെ മുഴുവൻ തെളിവുകൾ നിരത്തിയിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാനോ കൂടുതൽ ചോദ്യം ചെയ്യാനോ പൊലീസ് തയാറായില്ല. പിന്നീട് അന്നമ്മയുടെ നാലു ഫോണുകളും സ്വിച്ച് ഓഫ് ആയി.