അപ്പർകുട്ടനാട്ടിലെ നെൽകൃഷി ഒട്ടുംതന്നെ ആദായകരമല്ലെന്ന് പറഞ്ഞാൽ എല്ലാവർക്കും മനസിലാകണമെന്നില്ല. വരവിൽ നിന്ന് ചെലവ് കുറച്ചാണ് സാധരണ ലാഭ-നഷ്ടക്കണക്ക് നിശ്ചയിക്കുന്നതെങ്കിൽ കുട്ടനാട്ടിൽ അങ്ങനെയല്ല. ചെലവിൽ നിന്ന് വരവാണ് കുറയ്ക്കുന്നത്. എല്ലാകാലത്തും ചെലവാണ് വലിയ സംഖ്യ. എന്നാലും കാലങ്ങളായി ശീലിച്ചുവന്ന ജീവിതരീതി പെട്ടന്നങ്ങ് ഉപേക്ഷിക്കാനാവാത്തതിനാൽ ആണ്ടുതോറും രണ്ടുതവണ കൃഷിയിറക്കും. അതിനിടെ പ്രകൃതിയുടെ താളംതെറ്റിയാൽ കൃഷി ഉപേക്ഷിച്ചെന്നും വരും. അങ്ങനെ നട്ടുനനച്ച് വിളവെടുത്ത 2018 ലെ പുഞ്ചക്കൃഷിയുടെ വരുമാനമാണ് തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെടുന്നത്. അന്നുകിട്ടിയ പണംകൊണ്ട് വീട്ടാവുന്നത്രയും കടംവീട്ടി. വീണ്ടും കടംവാങ്ങി വിരിപ്പുകൃഷിയും ചെയ്തു. അതിന്റെ വിളവെടുത്ത നെല്ലും സപ്ലൈകോ നിർദ്ദേശിച്ച മില്ലുടമകൾ വാങ്ങിക്കൊണ്ടുപോയിട്ട് രണ്ടുമാസമായി ഇതുവരെ വില ലഭിച്ചിട്ടില്ല. അടുത്ത പുഞ്ചക്കൃഷി വിതയും നടീലും വരെയെത്തി.
ഓരോ സീസണിലും ഉത്പാദന ചെലവ് കൂടുകയാണ്. ഒരിക്കലും മുടക്കുമുതലിന്റെ കണക്ക് എഴുതിസൂക്ഷിക്കാത്തതുകൊണ്ട് വിളവെടുക്കുമ്പോൾ കിട്ടുന്നപണം വലുതാണെന്ന് കരുതി സമാധാനിക്കും. എന്നെങ്കിലുമൊരിക്കൽ കണക്കെഴുതികൂട്ടിയാൽ അന്നുതീരും അപ്പർകുട്ടനാട്ടിലെ നെൽപ്പാടങ്ങളുടെ പച്ചപ്പ്. നെൽകൃഷി പ്രോത്സാഹനത്തിന് കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. അതു പക്ഷെ, കർഷകരുടെ താത്പര്യങ്ങൾക്കനുസരിച്ചല്ലെന്ന് മാത്രം. ഓരോ പ്രദേശത്തെയും ആവശ്യങ്ങളനുസരിച്ച് പണം ചെലവഴിച്ചാൽ കൃഷി ലാഭത്തിലായില്ലെങ്കിലും നഷ്ടമെങ്കിലും കുറയ്ക്കാനാകും. എന്നാൽ അങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറാകുന്നുമില്ല.
പുറംബണ്ടുകൾ ബലപ്പെടുത്തണം
സമുദ്രനിരപ്പിൽ നിന്ന് രണ്ടടിയിലേറെ താഴ്ചയിലുള്ള അപ്പർകുട്ടനാട്ടിൽ പുറംബണ്ടുകൾ ബലപ്പെടുത്തി നീരൊഴുക്ക് നിയന്ത്രിക്കുകയാണ് പ്രധാന ആവശ്യം. ആണ്ടിൽ ഒന്നിലധികം തവണ വെള്ളപ്പൊക്കവും കൃഷിനാശവും അനുഭവിക്കുന്ന പ്രദേശത്ത് രോഗം അറിഞ്ഞുള്ള ചികിത്സയാണ് ആവശ്യം. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് പണംപിരിച്ചാണ് ഓരോ തവണയും പുറംബണ്ട് ബലപ്പെടുത്തുന്നത്. അടുത്ത മഴക്കാലം വരെയാണ് അതിന് ആയുസ്. ചിലപ്പോൾ വിളവെടുക്കാറുകമ്പോൾ മടവീണ് (ബണ്ട് പൊട്ടി) കൃഷി മുഴുവൻ നശിക്കും. 300 ഏക്കറുള്ള ചെറിയ പാടശേഖരത്തിന്റെ ബണ്ട് നിർമ്മാണത്തിന് പോലും 2.5 ലക്ഷംരൂപ ചെലവാകും. ബണ്ടുകെട്ടി പുറത്തുനിന്നുള്ള നീരൊഴുക്ക് തടഞ്ഞാൽ പാടത്തെ വെള്ളം വറ്റിക്കുകയാണ് അടുത്തനടപടി. വൈദ്യുതി മോട്ടോറും പമ്പുസെറ്റുകളും വാടകയ്ക്ക് എടുത്താണ് പലയിടത്തും വെള്ളം വറ്റിക്കുന്നത്. നിലമൊരുക്കുന്നതിന് മുൻപ് മുതൽ വിത്തുവിതകഴിഞ്ഞ് 15 ദിവസത്തോളമെങ്കിലും വെള്ളം വറ്റിക്കണം. അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം കാരണം പലപ്പോഴും പാടത്ത് വെള്ളം കെട്ടിക്കിടന്ന് നെൽവിത്ത് ചീഞ്ഞുനശിക്കുന്ന സാഹചര്യമുണ്ട്. ഏക്കറിന് 1800- 1900 (സീസൺ അനുസരിച്ച്) രൂപവരെ പമ്പിംഗ് സബ്സിഡി ലഭിക്കുമെങ്കിലും ഇതുകൊണ്ടുമാത്രം വെള്ളംവറ്റില്ല.
നെൽവിത്ത് സബ്സിഡിയും കിട്ടാറില്ല
കൃഷിഭവൻ വഴിയുള്ള നെൽവിത്ത് സബ്സിഡിയാണ് അടുത്ത സഹായം. അതും ആവശ്യത്തിന് കിട്ടാറില്ല. ഒരേക്കറിൽ വിതയ്ക്കാൻ 60 കിലോ നെൽവിത്ത് വേണം. സബ്സിഡി നിരക്കിൽ 40 കിലോയാണ് ലഭിക്കുന്നത്. അധികം വേണ്ടിവരുന്ന 20 കിലോയ്ക്ക് ഇരട്ടിവില കൊടുക്കണം. ഫലത്തിൽ സബ്സിഡിയുടെ ആനുകൂല്യം ഈ ഇരട്ടിവിലയിൽ തീരും. ഇങ്ങനെ കിട്ടുന്ന വിത്ത് കൃത്യമായി മുളയ്ക്കണമെന്നുമില്ല. പലപ്പോഴും സബ്സിഡി വിത്ത് മുളയ്ക്കാതെ വരുമ്പോൾ സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങി മുളപ്പിക്കേണ്ട സ്ഥിതിയുമുണ്ട്.
പട്ടിക-1 : കൃഷിച്ചെലവ്/ ഏക്കറിന്
ഇനം യഥാർത്ഥചെലവ് സർക്കാർ കണക്ക്
1. നിലം ഒരുക്കൽ ₹ 8700.00 6570.00
2. വിത്ത്, വെത ₹ 3400.00 780.00
3. നടീൽ , കളപറിക്കൽ ₹ 7500.00 6700.00
4. വളം, കീടനാശിനി,
കുമ്മായം ₹ 14320.00 12,000.00
5. രണ്ടാം കളപറിക്കൽ ₹ 3000.00 0.00
6. കൊയ്ത്ത് ₹ 5000.00 4000.00
7. നെല്ലിന്റെ ചുമട്ടുകൂലി ₹ 3000.00 (₹ 200/ ക്വിന്റൽ) 180.00 (₹ 12/ ക്വിന്റൽ)
8. നിറകൂലി ₹ 2250.00 ((₹150/ ക്വിന്റൽ) 0.00
9. കിഴിവ് ₹ 2152.00 0.00
10. ചാക്ക് തൂക്കം ₹ 380.00 0.00
11. നേർമ ₹ 300.00 0.00
12. പാടശേഖരസമിതി
വിഹിതം ₹ 300.00 0.00
ആകെ 50,302.00 26630.00 (നിലത്തിന്റെ പാട്ടം, കർഷകന്റെ അദ്ധ്വാനം എന്നിവ കൂടാതെയുള്ള കണക്ക്)