boat

കോട്ടയം: ക്രിസ് മസും പുതുവർഷവുമെത്തിയിട്ടും കുമരകത്ത് കായൽ ടൂറിസം ചൂടുപിടിച്ചില്ല. ഉത്തരേന്ത്യൻ സഞ്ചാരികൾ വരാതായതോടെ ഹൗസ് ബോട്ടുകൾക്ക് ബുക്കിംഗില്ല. ഇതുപോലൊരു മരവിച്ച സീസൺ ഉണ്ടായിട്ടില്ലെന്ന് നിരാശയോടെ ഹൗസ് ബോട്ട് ഉടമകൾ പറയുന്നു.

ശബരിമലയ്ക്കു പോകുന്ന അന്യ സംസ്ഥാനത്തുനിന്നുള്ള അയ്യപ്പന്മാർ മടക്കയാത്രയിൽ സംഘമായി കുമരകത്ത് ബോട്ടിംഗിന് എത്താറുണ്ട്. മണ്ഡല സീസൺ അവസാനിക്കാറായിട്ടും അയ്യപ്പന്മാരുമില്ല. അതേസമയം മൂന്നാറിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് .കായൽ ടൂറിസം മടുത്തോ എന്നാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ ചോദ്യം.

വേമ്പനാട്ടു കായലിൽ നോക്കെത്താ ദൂരത്തിൽ ആമ്പൽ വിരിഞ്ഞതോടെ സഞ്ചാരികളുടെ വൻ വരവ് പ്രതീക്ഷിച്ചെങ്കിലും തിരുവാർപ്പ് മലരിക്കലിലെ ആമ്പൽ ടൂറിസത്തിനെത്തിയ സഞ്ചാരികളുടെ നാലിലൊന്ന് പോലും കുമരകത്തെത്തിയില്ല.

വൻകിട റിസോർട്ടുകളിലും തിരക്കില്ല. കാര്യമായ ബുക്കിംഗുമില്ല . ഉത്തരേന്ത്യൻ ടൂറിസ്റ്റുകളാണ് കായൽ ടൂറിസം ആഘോഷിക്കാൻ പുതുവർഷത്തിൽ കൂടുതലായി എത്താറുള്ളത്. സ്കൂളും കോളേജും അടയ്ക്കുമ്പോൾ വലിയ ബുക്കിംഗുണ്ടാകാറുണ്ട്. പൗരത്വ ഭേദഗതിബില്ലിനെതിരെ ഉത്തരേന്ത്യയിൽ നടക്കുന്ന പ്രതിഷേധ സമരവും അക്രമവും അവിടെനിന്നുള്ള ടൂറിസ്റ്റുകളെ അകറ്റിയോ എന്നാണ് സംശയിക്കുന്നത് .

കായലിൽ ചെന്ന് ആമ്പൽപൂക്കൾ പറിക്കുക ബുദ്ധിമുട്ട്

ബോട്ടിൽ പോകാനുള്ള ചെലവും സഞ്ചാരികളെ അകറ്റി

ശിക്കാരവള്ളങ്ങൾ തയ്യാറാക്കിയെങ്കിലും ഓട്ടം കിട്ടിയില്ല

മലരിക്കൽ ടൂറിസം ആദ്യം ക്ലിക്കായതും പ്രതികൂലമായി

ശബരിമല സീസണിൽ

ഒരു ഹോട്ടൽ പ്രതീക്ഷിച്ചത്

5 ലക്ഷം രൂപയുടെ

ബിസിനസ്

കാണാൻ കായലല്ലാതെ മറ്റൊന്നുമില്ല

ശബരിമല സീസണിൽ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയുടെ ബിസിനസ് കുമരകത്തെ ഹോട്ടലുകളിലുണ്ടാകാറുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അക്രമമെന്ന പ്രചാരണം കാരണം കഴിഞ്ഞ വർഷം ഉത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളും വന്നിരുന്നില്ല . ഈ വർഷം ഇതുവരെ തിരക്കായില്ല പുതുവർഷ സീസണും മടുപ്പാണ് . ടൂറിസം കേന്ദ്രമായ കുമരകത്തെത്തുന്നവർക്ക് കാണാൻ കായലല്ലാതെ മറ്റൊന്നുമില്ല. സഞ്ചാരികൾക്ക് ആസ്വദിക്കാൻ കൂടുതൽ കാഴ്ചകളുണ്ടാകണം. സൗകര്യങ്ങൾ വർദ്ധിപ്പിക്കണം.

സലീംദാസ്

(ചേംബർ ഒഫ് ഹോട്ടൽ ആൻഡ് റിസോർട്ട്സ് )