thiruvarp

കോട്ടയം : തുടർച്ചയായി രണ്ടുതവണ പ്രളയത്തിൽ മുങ്ങിയ തിരുവാർപ്പിൽ യുവകർഷകന് നെൽകൃഷിചെയ്യാൻ വെള്ളം വിട്ടുകൊടുക്കാതെ അയൽവാസിയുടെ കൊടുംക്രൂരത. തിരുവാർപ്പ് വില്ലേജിലെ കൂവപ്പുറം പാടശേഖരത്തിലെ എ.ജി.ബിജുമോനാണ് ഈ ദുരവസ്ഥ. 52 ഏക്കർ പാടശേഖരത്തിൽ ബിജുമോന്റെ ഉടമസ്ഥതയിലുള്ള 1.32 ഏക്കറിൽ മാത്രമാണ് വെള്ളമില്ലാത്തത്.

2015 ൽ ആകെയുള്ള സമ്പാദ്യത്തിനൊപ്പം ഭാര്യയുടെ താലിവരെ വിറ്റുപെറുക്കി വാങ്ങിയ പാടമാണ് വറ്റിവരളുന്നത്. അതിനുമുമ്പ് ആവശ്യത്തിന് വെള്ളമുണ്ടായിരുന്ന നെൽവയൽ കൈമാറ്റം ചെയ്യപ്പെട്ടതോടെ വറ്റിവരണ്ടു. കാരണം അന്വേഷിച്ചപ്പോൾ, പതിറ്റാണ്ടുകളായി ഇവിടേക്ക് നീരൊഴുകിയിരുന്ന നീർച്ചാൽ ആഫ്രിക്കൻപായൽ കുത്തിനിറച്ച് അടച്ചതായി കണ്ടെത്തി. അയൽവാസി അന്നമ്മശേരിൽ രാജപ്പനെതിരെ 4 വർഷമായി പാടശേഖരസമിതി മുതൽ പുഞ്ചസ്പെഷ്യൽ ഓഫീസർ വരെയുള്ളവർക്ക് മുമ്പിൽ പരാതിയുമായി നടക്കുകയാണ് ബിജുമോൻ. ഈ വർഷമെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പുഞ്ചക്കൃഷിക്ക് ഇറങ്ങിത്തിരിച്ചെങ്കിലും മുളച്ചുപൊങ്ങിയ നെൽച്ചെടികൾ വെള്ളമില്ലാതെ ഉണങ്ങിപ്പോകുന്ന സ്ഥിതിയിലായി.

സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്ത 30000 രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. അത് നശിച്ചാൽ ആത്മഹത്യയല്ലാതെ വേറെവഴിയില്ലെന്ന് പറഞ്ഞിട്ടും പാടശേഖരസമിതിയും അയൽവാസിയും കേട്ടഭാവം നടിക്കുന്നില്ല. പണ്ടുമുതൽ ഉണ്ടായിരുന്ന നീർച്ചാൽ കെട്ടിയടച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ട് പുഞ്ച സ്പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടും നടപടിയുണ്ടായില്ല. എതിർകക്ഷി കോട്ടയം മുൻസിഫ് കോടതിയിൽ നിന്ന് ഇഞ്ചക്ഷൻ ഉത്തരവ് വാങ്ങിയതിനാൽ തുറക്കാനാവില്ലെന്നാണ് പാടശേഖരസമിതിയുടെ നിലപാട്.

അന്വേഷണ റിപ്പോർട്ടുകൾ

ബിജുമോന്റെ നിലത്തിലേക്ക് വെള്ളം കയയറ്റിയിരുന്ന വാച്ചാൽ തൊട്ടടുത്തുള്ള നിലം ഉടമയായ രാജപ്പൻ അന്നമ്മശേരി എന്നയാൾ പോളവാരിവച്ച് വരമ്പ് നശിപ്പിച്ചിരിക്കുകയാണ്

തിരുവാർപ്പ് കൃഷി ഓഫീസർ ( 25/11/2019)

തിരുവാർപ്പ് വില്ലേജിൽ പതിനാറാം വാർഡ് കൂവപ്പുറം പാടശേഖരത്തിൽ അന്നമ്മശേരി രാജപ്പന്റെ നിലത്തിനും ശ്രീവിലാസം ആർ.കെ. മേനോന്റെ പുരയിടത്തിനും അതിരുകൾക്ക് നടുവിലൂടെ 25 മൂട്ടിൽ നിലവിലുള്ള തുമ്പിനുമുൻവശം മുതൽ എൻ.ജി. ബിജുമോൻ വാങ്ങിയിരിക്കുന്ന നിലത്തിലേക്ക് ഒരു പൊതുവാച്ചാൽ ഉള്ളതായി എന്റെ ചെറുപ്പകാലം മുതൽ എനിക്ക് അറിവുള്ളതാണ്

കെ.ബി. ശിവദാസ്, ഗ്രാമപഞ്ചായത്തംഗം ( 16/12/ 2015)