പാലാ : നഗരസഭയിലെ നാലാമത്തെ ചെയർപേഴ്‌സണായി കേരള കോൺഗ്രസിലെ മേരി ഡൊമിനിക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ സുഷമ രഘുവിനെ അഞ്ചിനെതിരെ 20 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പി അംഗം അഡ്വ. ബിനു പുളിക്കക്കണ്ടം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പാലാ ഡി.ഇ.ഒ ടി.കെ.ഹരിദാസ് വരണാധികാരിയായിരുന്നു. കേരള കോൺഗ്രസ് ജോസ് - ജോസഫ് വിഭാഗം കൗൺസിലർമാരുടെ പിന്തുണ മേരി ഡൊമിനിക്കിന് ലഭിച്ചു. അരുണാപുരം 23-ാം നമ്പർ കോളേജ് വാർഡംഗമാണ് മേരി. 2000-2005 കാലഘട്ടത്തിലും കൗൺസിലറായിരുന്നു. വൈപ്പനയിൽ ഡൊമിനിക്കാണ് ഭർത്താവ്. പ്രിയ (യു.കെ.), പ്രീമ (അദ്ധ്യാപിക, മേലുകാവ് മറ്റം), പ്രിൻസ് (ബിസിനസ്), പ്രീനു ( എൻജിനിയർ) എന്നിവരാണ് മക്കൾ. മുൻധാരണ പ്രകാരം ബിജി ജോജോ രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.