പാലാ : കേന്ദ്ര ഗവൺമെന്റിൽ സിവിൽ സർവീസസിന് തൊട്ടുതാഴെയുള്ള ഓഫീസർ പോസ്റ്റുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന 'കിസ്‌കോ കരിയർ ഹൈറ്റ്‌സ് ' ചരിത്രത്തിലേക്ക്.
പതിനഞ്ച് ലക്ഷം മത്സരാർത്ഥികൾ പങ്കെടുത്ത, നാല് തലത്തിൽ നടത്തിയ എസ്.എസ്.സി.സി.ജി.എൽ. പരീക്ഷയിൽ രണ്ടാം റാങ്കോടുകൂടി ആശിഷ് ജെ. ഓണാട്ട് കേരളത്തിന് അഭിമാനമായി. എസ്.എസ്.സി. പരീക്ഷയുടെ ചരിത്രത്തിൽ ഇദംപ്രഥമമായാണ് ഇത്രയും ഉയർന്ന റാങ്ക് കേരളത്തിന് കിട്ടുന്നതെന്ന് കിസ്‌ക്കോ കരിയർ ഹൈറ്റ്‌സ് ചെയർമാൻ അഡ്വ. ജോർജ്. സി. കാപ്പൻ, ഡയറക്ടർമാരായ പ്രൊഫ. പയസ് ഒഴാക്കൽ, പ്രൊഫ.മാത്യു.ജെ. മുരിക്കൻ, പ്രൊഫ. ടോമി ചെറിയാൻ, ജോർജ് കരുണയ്ക്കൽ എന്നിവർ പറഞ്ഞു. മറ്റ് പല ഉന്നത റാങ്കുകളും കരിയർ ഹൈറ്റ്‌സിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. ടോണി മാത്യു, കിരൺ ജോസ് എന്നിവർ ഗസറ്റഡ് പോസ്റ്റായ അസി. ഓഡിറ്റ് ഓഫീസർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇൻസ്‌പെക്ടർ പോസ്റ്റിലേക്ക് ജിമി ജോർജ്ജിനെയും ഇൻകംടാക്‌സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ചിക്കു ജെയിംസിനെയും എക്‌സൈസ് ആന്റ് കസ്റ്റംസ് ഓഫീസർ പോസ്റ്റിലേക്ക് നിബിൻ പുന്നൂസ് ഐപ്പിനെയും ജിതിൻ ജോസഫിനെയും തിരഞ്ഞെടുത്തു.
നാല് വർഷം മുമ്പ് പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ ബാങ്കിംഗ് ഇതര പ്രവർത്തന പരിപാടികളുടെ ഭാഗമായി ആരംഭിച്ച കിസ്‌കോ കരിയർ ഹൈറ്റ്‌സിന് ഇതിനോടകം കേന്ദ്രസംസ്ഥാന തലത്തിലും റെയിൽവേസ്, ബാങ്കിംഗ്, ഡിഫൻസ്, ഇൻഷുറൻസ്, എയർപോർട്ട് മുതലായ മേഖലകളിലും 114 വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കി. മികച്ച ടീം വർക്കും മാതൃകാപരമായ നേതൃത്വവും ഉന്നത നിലവാരം പുലർത്തുന്ന പരിശീലനവും പഠനസൗകര്യവുമാണ് വിജയശതമാനം ഇത്രത്തോളം കൂട്ടുവാൻ സാധിച്ചത്.
2019 ജൂലായിൽ കരിയർ ഹൈറ്റ്‌സ് ഇടപ്പാടിയിൽ കരിയർ ഡ്രീംസ് കോളേജ് എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്കായി ഡിഗ്രിയോടൊപ്പം, സിവിൽ സർവീസ്, സർക്കാർ, അർദ്ധസർക്കാർ മേഖലകളിലെ ജോലികൾക്കായി മൂന്നു വർഷം നീണ്ടുനിൽക്കുന്ന തീവ്രപരിശീലനവും നൽകുന്ന ബാച്ചുകൾ ആരംഭിച്ചു. 4 നിലകളിലായി ഇരുപതിനായിരത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. ഈ മന്ദിരത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും.
നാളെ രാവിലെ 11 ന് കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വിജയാഘോഷ പരിപാടികൾ നടത്തുന്നത്. അഡ്വ. ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആശിഷ് ജെ. ഓണാട്ടിന് 'പ്രൈഡ് ഒഫ് കേരള അവാർഡ്' സമ്മാനിക്കും.
കരിയർ ഡ്രീംസ് കോളേജിന്റെ ഉദ്ഘാടനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ജോസ് കെ. മാണി എം.പിയും, മാണി സി. കാപ്പൻ എം.എൽ.എയും ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കും. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ പ്രസംഗിക്കും.