ചങ്ങനാശേരി: മാടപ്പള്ളി ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ 27 വരെ നടക്കും. സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 6.30ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിപ്പാട് യജ്ഞവേദിയിൽ നിലവിളക്ക് തെളിക്കും. ആർ.എസ്.എസ്.നേതാവ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. നാളെ നടക്കുന്ന വനിതാ സംഗമം ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി അഞ്ജനാ ദേവി ഉദ്ഘാടനം ചെയ്യും. 22ന് നടക്കുന്ന വിദ്യാർത്ഥി യുവജന സമ്മേളനം എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് സദാന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 26ന് കർഷക സംഗമം അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനംചെയ്യും. ഭാഗവത സപ്താഹ വേദിയിൽ രുക്മിണി സ്വയംവര ദിവസമായ 25ന് സ്വാമി ഉദിത് ചൈതന്യയുടെ കാർമികത്വത്തിൽ രണ്ടു പെൺകുട്ടികളുടെ വിവാഹം നടത്തും. സപ്താഹ യജ്ഞത്തിന് സമാപന സമ്മേളനം അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും തുടർന്ന് ഒരു മണി മുതൽ മഹാപ്രസാദമൂട്ട്. എല്ലാ ദിവസങ്ങളിലും ഭക്തജനങ്ങൾക്ക് അന്നദാന വഴിപാട് ഉണ്ടായിരിക്കും. സപ്താഹ ദിവസങ്ങളിൽ രാവിലെ ഏഴിന് ഭാഗവതപാരായണം. എട്ടിന് പ്രഭാഷണം.ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. തുടർന്ന് ഒന്നു മുതൽ രണ്ടു വരെ എല്ലാ ദിവസവും കലാപരിപാടികളുമുണ്ട്.