-njana-thapaswi

വൈക്കം: ആധുനിക കാലത്ത് ഭാഗവത സത്രത്തിന്റെ പ്രസക്തി നാമോരോരുത്തരും തിരിച്ചറിയണമെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി പറഞ്ഞു.

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രവേദി സന്ദർശിച്ച ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭഗവത് പാദങ്ങളിലേക്കണയാൻ ഭഗവാനെ അറിയണം. സത്ര വേദികളിൽ ഭഗവാനെ അടുത്തറിയാൻ ആചാര്യന്മാരുടെ വാക്കുകൾ നമ്മെ സഹായിക്കും. ഭഗവാനേക്കുറിച്ചുള്ളതെന്തും മധുരമുള്ളതാണ്. ലോകത്തിലേറ്റവും മാധുര്യമേറിയ അനുഭവങ്ങളിലൊന്നാണ് ഭഗവാനേക്കുറിച്ച് കേൾക്കുക എന്നത്. ഭാഗവത സത്രത്തിൽ പങ്ക് ചേരാനാവുക എന്നത് മഹാഭാഗ്യമാണ്. ജന്മപുണ്യമാണ്. നിറഞ്ഞ മനസ്സോടേയും അർപ്പണ ബോധത്തോടെയുമാവണം ഭാഗവത സത്രത്തിന്റെ യജ്ഞശാലയിലേക്കെത്താനെന്ന് അദ്ദേഹം പറഞ്ഞു.

സത്രം നിർവ്വഹണ സമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ, ജനറൽ കൺവീനർ രാഗേഷ് ടി നായർ, കോർഡിനേറ്റർ ആർ.കൃഷ്ണകുമാർ തുടങ്ങിയവർ ചേർന്ന് ഗുരു രത്നം ജ്ഞാന തപസ്വിയെ സത്രവേദിയിൽ സ്വീകരിച്ചു.