പാലാ : ഒരു ഇടവേളയ്ക്ക് ശേഷം പാലാ ളാലം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും വിപുലമായ ഉത്സവത്തിനു ഇത്തവണ കൊടിയേറുന്നു. മുൻ വർഷം ക്ഷേത്രോപദേശക സമിതി ഇല്ലാതിരുന്നതിനാൽ ചടങ്ങുകളിൽ മാത്രം ഒതുങ്ങിയിരുന്ന 'ളാലത്തുത്സവം' ഇത്തവണ പ്രൗഢഗംഭീരമാക്കാനൊരുങ്ങുകയാണ് ഭക്തജന സമൂഹം. പുത്തൂർ പരമേശ്വരൻ നായർ, പി.ആർ. നാരായണൻ കുട്ടി അരുൺ നിവാസ് ,അഡ്വ. രാജേഷ് പല്ലാട്ട്, ഉണ്ണി അശോക, ശ്രീകുമാർ കളരിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് ഉത്സവം ഏറ്റെടുത്ത് നടത്തുന്നത്.
ജനുവരി 1 നാണ് കൊടിയേറ്റ്. വൈകിട്ട് 6.30ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പണം. 6.15ന് തിരുവരങ്ങ് മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
രാത്രി 8 ന് തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി, മേൽശാന്തി കരുനാട്ടില്ലത്ത് നാരായണ ഭട്ടതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8.45 ന് മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന മാജിക് ഷോ മാന്ത്രികരാവ് അരങ്ങേറും. ജനുവരി 2 മുതൽ 8 വരെ തീയതികളിൽ രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് ദീപാരാധന,ചുറ്റുവിളക്ക്, രാത്രി കൊടിക്കീഴിൽ വിളക്ക് എന്നിവയുണ്ട്. 6, 7, 8, തീയതികളിൽ രാവിലെ 10.30 ന് ഉത്സവബലി. 2 ന് രാത്രി 7 ന് മധുര ഗീതങ്ങൾ, 3ന് രാത്രി 7 ന് ചാക്യാർകൂത്ത്, തുടർന്ന് നൃത്ത നിശ, 4 ന് രാത്രി 7 ന് നൃത്ത വസന്തം, 5 ന് രാത്രി 7 ന് നൃത്ത സന്ധ്യ എന്നിവ അരങ്ങേറും.
6 ന് രാവിലെ 8.45 ന് ഭരണിപൂജയും ഊട്ടും, 11 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6.45 ന് ഭഗവതി എഴുന്നള്ളത്ത്. 7ന് 11 ന് ഭക്തിഗാനാമൃതം, വൈകിട്ട് 6 ന് എസ്.എൻ.ഡി.പി യോഗം പാലാ ടൗൺ ശാഖയുടെ നേതൃത്വത്തിൽ എട്ടങ്ങാടി സമർപ്പണം, രാത്രി 7ന് ഗാനമേള. 8 ന് രാവിലെ 7ന് സമ്പൂർണ്ണ നാരായണീയ പാരായണം, വൈകിട്ട് 4 ന് ദേശക്കാഴ്ച പുറപ്പാട്, 6.15 ന് പ്രദോഷപൂജയും പന്തിരു നാഴി നിവേദ്യവും. 9 നാണ് പള്ളിവേട്ട ഉത്സവം. ഉച്ചയ്ക്ക് 12.30 ന് മകയിരം സദ്യ, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല, സേവ. 9 ന് വലിയ കാണിക്ക, 9.30 ന് തിരുവാതിര കളി വഴിപാട്. 11 ന് പള്ളി നായാട്ട്, എതിരേൽപ്പ്, പള്ളിക്കുറുപ്പ്. 10 രാവിലെ 9.30 ന് കൊടിയിറക്ക്, 12 ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്, തുടർന്ന് ആറാട്ട് സദ്യ. 1 ന് ളാലം ക്ഷേത്രാങ്കണത്തിൽ തിരുവാതിര നിവേദ്യവിതരണം, അന്നദാനം. വൈകിട്ട് 4 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 4.45 ന് ചെത്തിമറ്റത്തും 5 ന് ളാലം പാലം ജംഗ്ഷനിലും സ്വീകരണം, നാമസങ്കീർത്തന ലഹരി. 6.30ന് ളാലം പാലം ജംഗ്ഷനിൽ ആറാട്ടെതിരേൽപ്പ്. പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. രാത്രി 10 ന് ആൽത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രത്തിൽ എതിരേൽപ്പ്, 11ന് ക്ഷേത്രസന്നിധിയിൽ എതിരേൽപ്പ്.