കോട്ടയം: ലൈഫ് മിഷനു കീഴിൽ വീട് നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം ജില്ലാ, നഗരസഭ, ബ്ലോക്ക് തലങ്ങളിൽ സംഘടിപ്പിക്കും. മിഷനിലെ രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിനു മുന്നോടിയായാണ് സംഗമം.

ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്നതിനായി ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ സംഗമത്തോടനുബന്ധിച്ച് അദാലത്തുകളും സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു. നഗരസഭാ, ബ്ലോക്ക് തലങ്ങളിലും ആലോചനാ യോഗങ്ങൾ സംഘടിപ്പിക്കും. സംഗമത്തിനായി പ്രത്യേക സംഘാടക സമിതി രൂപീകരിക്കും.

മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.എൻ.സുഭാഷ് തുടങ്ങിയവർ ആലോചനായോഗത്തിൽ പങ്കെടുത്തു.