ചങ്ങനാശേരി : ചങ്ങനാശേരി മെഗാ ഫെസ്റ്റ് നാളെ മുതൽ 29 വരെ എസ്. ബി കോളേജിൽ നടക്കും. മീഡിയാ വില്ലേജും, ചാരിറ്റി വേൾഡും എസ്. ബി കോളേജും, ഇടിമണ്ണിക്കൽ ജ്വല്ലറിയുമായി ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാപാരമേള, അമ്യൂസ്‌മെന്റ് പാർക്ക്, പുഷ്പമേള, ഫുഡ്‌ഫെസ്റ്റ്, ഖാദിമേള, പുരാവസ്തു പ്രദർശനം, ഗോസ്റ്റ് ഹൗസ്, വാക്‌സ് മ്യൂസിയം, പെറ്റ് ഷോ, മിനി ലുലുമാൾ, മെഡിക്കൽ എക്‌സിബിഷൻ, കലാസന്ധ്യാ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ചുണ്ടായിരിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ബുള്ളറ്റ് റാലി ഇന്ന് രാവിലെ 11 ന് ചങ്ങനാശേരി ബോട്ട്‌ജെട്ടിയിലുള്ള അഞ്ചുവിളക്കിന്റെ സമീപത്തുനിന്നാരംഭിച്ച് നഗരം ചുറ്റി മേള നടക്കുന്ന എസ്. ബി കോളേജിലെത്തും. റാലി ഡിവൈ.എസ്.പി. എസ്. സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് എസ്. ബി കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു പതാക ഉയർത്തും. നാളെ വൈകിട്ട് ആറിന് മെഗാഫെസ്റ്റ് ചലച്ചിത്ര സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. ആർച്ച ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സി.എഫ്, തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഫാ. ആന്റണി എത്തയ്ക്കാട്, ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ഗിരീഷ് കോനാട്ട്, ഹരികുമാർ കോയിക്കൽ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, കെ.എച്ച്.എം. ഇസ്മായിൽ. സണ്ണിച്ചൻ ഇടിമണ്ണിക്കൽ,രാഖി കലേഷ് തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് നാലരയ്ക്ക് കാരോൾ ഗാനമത്സരവും, കുട്ടികളുടെ ഫാൻസി ഡ്രസ് മത്സരവും . 22ന് വൈകിട്ട് നാലര മുതൽ കലാപരിപാടികൾ, ആറിന് മജീഷ്യൻ സാമ്രാജിന്റെ മാജിക് ഷോ. 23ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വനിതാസംഗമം.'ജ്വാല'. 24 ന് നാലുമണിക്ക് സെമിനാർ. ഏഴിന് നാടൻപാട്ടുമേളയും തുടർന്ന് രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷൻ ഷോ. 25ന് വൈകിട്ട് നാലരയ്ക്ക് കലാസന്ധ്യയും ഏഴിന് കൊച്ചിൻ വോയ്‌സിന്റെ ഗാനമേളയും . 27ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കർഷക സംഗമവും കാർഷിക സെമിനാറും നടത്തും. ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഏഴിന് റേഡിയോ മീഡിയാ വില്ലേജ് റിയാലിറ്റി ഷോ 'മ്യൂസിക് ധമാക്ക സീനിയർ' നടക്കും. 28ന് വൈകിട്ട് നാലിന് റേഡിയോ മീഡിയാ വില്ലേജ് റിയാലിറ്റി ഷോ 'അടുക്കയിലെ അകത്താളം' അരങ്ങേറും. ആറരയ്ക്ക് കൊച്ചിൻ ഗിന്നസിന്റെ കോമഡി ഷോ . 29ന് വൈകിട്ട് ആറിന് സമാപന സമ്മേളനം.