വൈക്കം: ഒരു കൈയിൽ വടിയും മറുകൈയിൽ ഓലക്കുടയും തോളിൽ മാറാപ്പും അവിൽപ്പൊതിയുമായി കൃഷ്ണനെ കാണാൻ പോകുന്ന കുചേലൻ സത്ര വേദിയിൽ.
കുചേലന്റെ വേഷത്തിൽ ഡോ. സഭാപതിയെത്തിയപ്പോൾ സത്ര വേദിയിൽ നിറഞ്ഞ ഭക്തജനങ്ങൾക്ക് അത് വേറിട്ട കാഴ്ചയായി. എറണാകുളം കൃഷ്ണാ നഴ്‌സിംഗ് ഹോമിന്റെ മാനേജിംഗ് ഡയറക്ടറായ ഈ എൺപതുകാരന്റെ ഇഷ്ടവിനോദമാണ് കഥകളി. കഴിഞ്ഞ 50 വർഷത്തിലധികമായി ഇദ്ദേഹം ഈ രംഗത്ത് പ്രവർത്തിക്കുന്നു. കുചേല ദിനത്തിൽ കഴിഞ്ഞ 50 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലനായി പരിപാടി അവതരിപ്പിച്ചു വന്നതിനാൽ ഇദ്ദേഹത്തെ കഴിഞ്ഞ കുചേല ദിനത്തിൽ ഗുരുവായൂർ ദേവസ്വം ആദരിച്ചിരുന്നു. സത്ര വേദിയിൽ കുചേലനായി ആടിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.