മുണ്ടക്കയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് റോഡരികിലെ കരിങ്കൽ കൂനയിലേക്ക് ഇടിച്ചുകയറി എട്ട് പേർക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ പോണ്ടിച്ചേരി സ്വദേശി ഭീമ (28), ഇളയരാജൻ (38), സെന്തിൽ കുമാർ (39), പ്രതാപൻ (49), ശരവണൻ (42), മാധവൻ (39), സത്യമൂർത്തി (54), പെരിയദർശിനി (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിലെ പെരുവന്താനം കൊടികുത്തിക്ക് സമീപം ചാമപ്പാറ വളവിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. പെരുവന്താനം ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണം വിട്ട് കരിങ്കൽ കൂനയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടസാദ്ധ്യത കൂടുതലുള്ള ഇവിടെ മുൻകരുതൽ എന്ന നിലയിലാണ് കല്ലുകൂട്ടിയിട്ടിരുന്നത്. റോഡ് പരിചയമില്ലാതെ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.