പാലാ : 'ഞാൻ മാണിസാറിന്റെ പാർട്ടിക്കാരിയാണ്. മറ്റേതെങ്കിലും പക്ഷത്ത് എന്നെ ആർക്കും ചേർക്കാനാവില്ല. എനിക്ക് പക്ഷപാതമോ,രാഷ്ട്രീയ വേർതിരിവുകളോ ഇല്ല.' പാലാ നഗരസഭാ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട മേരി ഡൊമിനിക്ക് പറഞ്ഞു. കേരള കോൺഗ്രസ് ജോസ് പക്ഷവും, ജോസഫ് പക്ഷവും തങ്ങളുടെ സ്വന്തം ആളാണ് മേരി ഡൊമിനിക്കെന്ന് അവകാശവാദമുന്നയിക്കുമ്പോഴാണ് ഇക്കാര്യത്തിൽ സ്വന്തം നയം മേരി വ്യക്തമാക്കിയത്.
അവസാന വർഷം എനിക്ക് ചെയർപേഴ്‌സൺ സ്ഥാനം നീക്കിവച്ചത് മാണി സാർ നേരിട്ടാണ്. എന്റെ വീട്ടിൽ യേശുദേവന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുചിത്രങ്ങളോടൊപ്പമാണ് മാണി സാറിന്റെ ഫോട്ടോയും വച്ചിട്ടുള്ളത്. ആ വിശ്വാസവും സ്‌നേഹവും ഞാനുളളടത്തോളം കാലം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഇന്നലെ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ കൗൺസിൽ ഹാളിൽ സ്ഥാപിച്ചിട്ടുള്ള കെ.എം.മാണിയുടെ ചിത്രത്തിന് മുന്നിലും,കെ.എം.മാണിയുടെ കബറിടത്തുങ്കലെത്തിയും പ്രാർത്ഥന നടത്തി.