പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം ഭാരത് പെട്രോൾ പമ്പിന് സമീപം വച്ച് ഓട്ടത്തിനിടയിൽ സ്വകാര്യബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീ ഉയർന്നു. തീയണച്ച് മുന്നോട്ടെടുത്ത ബസിൽ വീണ്ടും തീപിടിത്തമുണ്ടായി. ഇന്നലെ വൈകിട്ട് 5.45 ന് കോട്ടയം-നെടുങ്കണ്ടം റൂട്ടിലോടുന്ന സെന്റ് തോമസ് ബസിലായിരുന്നു സംഭവം. പൊൻകുന്നം ബസ് സ്റ്റാൻഡിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പുറപ്പെട്ട് മിനിട്ടുകൾക്കുള്ളിലായിരുന്നു തീപിടിത്തം. യാത്രക്കാരെ ഉടൻ പുറത്തിറക്കി. പമ്പിലെ അഗ്‌നിശമന ഉപകരണങ്ങളുമായി ജോലിക്കാരോടിയെത്തി തീയണച്ചു തുടങ്ങി. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റെത്തി തീ പൂർണമായും അണച്ചു. എല്ലാവരും മടങ്ങിയതിന് ശേഷം പിന്നീട് ഗതാഗതതടസമൊഴിവാക്കാൻ ബസ് മാറ്റിയിടുന്നതിന് മുന്നോട്ടെടുത്തപ്പോൾ വീണ്ടും എൻജിൻഭാഗത്ത് തീയും പുകയുമുയർന്നു. മടങ്ങിയ ഫയർഫോഴ്‌സ് യൂണിറ്റ് വീണ്ടുമെത്തിയാണ് തീയണച്ചത്.
പമ്പിലെ ജീവനക്കാരായ മനോജ് എം.നായർ, മനു ജോർജ്, നന്ദു, വി.എസ്.രതീഷ്, ഫയർഫോഴ്‌സ് യൂണിറ്റിലെ ചീഫ് ഫയർമാൻ ജോസഫ് ജോസഫ് , ലീഡിംഗ് ഫയർമാൻ വി.കെ.പ്രസാദ്, ഫയർമാൻമാരായ പി. മധുസൂദനൻ, ടി.എൻ.പ്രസാദ് ,എം.എ. വിഷ്ണു, സജി കെ.ഡി, ആർ.പി.രാജീവ് എന്നിവർ തീയണക്കലിന് നേതൃത്വം നൽകി. ഹൈവേ പൊലീസും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.