പാലാ : മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്‌സിലെ നീന്തൽക്കുളം ഭംഗിയായി നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്ത് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് പറഞ്ഞു. കുളത്തിന്റെ ചുമതല ഇക്കാര്യത്തിൽ വിദഗ്ദ്ധരായ തോപ്പൻസ് കുടുംബത്തെയാണ് ഏൽപ്പിച്ചിരുന്നത്. നടത്തിപ്പിൽ അവർക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്ന് മനസിലായിട്ടുണ്ട്. ചർച്ചകളിലൂടെ ഇത് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാലാ ടൗൺ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡ് നിർമ്മാണം, കൊട്ടാരമറ്റം ബസ് ടെർമിനൽ നവീകരിക്കൽ തുടങ്ങി മുൻ ചെയർപേഴ്‌സൺമാർ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കാനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അവർ പറഞ്ഞു.