കോട്ടയം: നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് നാട്ടകം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പദ്ധതി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന അദ്ധ്യക്ഷത വഹിച്ചു. കുറഞ്ഞത് ഒരു കിലോ പ്ലാസ്റ്റിക് കൊടുത്താൽ തുണി സഞ്ചിയിൽ ഒരു കിലോ അരി കിട്ടുന്നതാണ് പദ്ധതി.

പ്ലാസ്റ്റിക് ഒരു കിലോയിൽ കുറവാണെങ്കിൽ അരിക്കു പകരം തൂക്കത്തിനനുസരിച്ച് പഞ്ചസാര കിട്ടും. ഉദ്ഘാടന ദിവസംതന്നെ നിരവധി വിദ്യാർഥികൾ വൃത്തിയാക്കിയ പ്ലാസ്റ്റിക്കുമായി എത്തി അരിയും പഞ്ചസാരയുമായി മടങ്ങി.

ആദ്യഘട്ടത്തിൽ ജനുവരി 31 വരെ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വിദ്യാർഥികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും ഭൂമിത്ര സേനാ ക്ലബിന്റെയും നേതൃത്വത്തിൽ ശേഖരിക്കുക. കുട്ടികൾ തന്നെയാണ് പ്ലാസ്റ്റിക് തൂക്കി പകരം അരിയും പഞ്ചസാരയും നൽകുന്നത്. ഹരിത ഭൂമിക്കായി കരുതൽ എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

പ്രിന്റിംഗ് ടെക്‌നോളജി പഠിക്കുന്ന കുട്ടികൾതന്നെ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ പ്രിന്റു ചെയ്ത തുണി സഞ്ചികളാണ് ഉപയോഗിക്കുക. അരിയും പഞ്ചസാരയും അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമാഹരിക്കുന്നു.

പദ്ധതിയുടെ ഭാഗമായി ഡിസംബർ 21 മുതൽ 26വരെ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വിവേകാനന്ദ പബ്ലിക് സ്‌കൂളിൽ നടക്കുന്ന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് അഞ്ചാം വാർഡിലെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് തുല്യ തൂക്കത്തിൽ അരിയും പലവ്യഞ്ജനങ്ങളും നൽകും.