elephant

പെരുന്ന: തിടമ്പേറ്റി ചിറയ്ക്കൽ കാളിദാസൻ, അകമ്പടിയായി കുറുപ്പത്ത് ശിവശങ്കരനും ചൂരൂർമഠം രാജശേഖരനും വാഴപ്പള്ളി മഹാദേവനും പെരുന്ന ശ്രീവള്ളിയും. പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ആറാട്ടിനായി എഴുന്നള്ളിയപ്പോൾ ഭക്തരുടെ ശ്രദ്ധ ഈ ഗജവീരൻമാർക്കൊപ്പം പാപ്പാൻമാരിലേക്ക് കൂടി നീണ്ടു. ആനകളെ നിയന്ത്രിച്ച ആ മൂവർ സംഘമായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. സഹോദരങ്ങളായ സന്തോഷും സതീഷും സന്ദീപുമാണ് മൂന്ന് ആനകളുമായി വേലായുധസ്വാമിയുടെ എഴുന്നള്ളത്തിനെത്തിയത്. എണ്ണം പറഞ്ഞ കൊമ്പൻമാരെ വഴി നടത്തിയിട്ടുള്ള സന്തോഷ് പെരുന്ന കുറുപ്പത്ത് ശിവശങ്കരനെയും സതീഷ് പെരുന്ന ചൂരൂർമഠം രാജശേഖരനെയും സന്ദീപ് പെരുന്ന പെരുന്ന ശ്രീവള്ളിയേയും ആനച്ചമയങ്ങളണിയിച്ച് എഴുന്നള്ളിച്ചു. പെരുന്ന ശ്രീവള്ളിയുടെ പാപ്പാനായിരുന്ന ഭാസിച്ചേട്ടന്റെ മക്കളാണ് ഇവർ. പിതാവിന്റെ പാത പിന്തുടർന്നാണ് മൂവരും ആനപ്പണി തൊഴിലായി സ്വീകരിച്ചത്.