കോട്ടയം: ക്രിസ്‌മസ് - നവവത്സരകാലമായതോടെ കേക്ക് വിപണി ഉഷാറായി. ഇതോടെ ഗുണനിലവാരത്തെ സംബന്ധിച്ചുള്ള നിരവധി സംശയങ്ങളും ഉയർന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ബോർമകൾ, ഐസ്ക്രീം പാർലർ, പുതുവത്സര വിപണികൾ എന്നിവിടങ്ങളിലെ കേക്കുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പ് 'ഓപ്പറേഷൻ രുചി'ക്ക് രൂപം നൽകിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം കേരളകൗമുദി ഫ്ളാഷ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാന വ്യാപകമായി 333 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ
218 ഇടത്തും വീഴ്ച കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങളിൽ വീഴ്ചകണ്ടെത്തുകയും 33,000 രൂപ പിഴയായി ഇടാക്കുകയും ചെയ്തു. ബേക്കറികൾ, കേക്ക്, വൈൻ ഉത്പാദന കേന്ദ്രങ്ങൾ, ബോർമാസ്, വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട ഉത്പന്നകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വരുംദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്തുമെന്നും ഇതിനായി പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചതായും മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു
മധുരപലഹാരങ്ങളെ സംബന്ധിച്ചുള്ള പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പറിൽ 18004251125 അറിയിക്കാം.
പരിശോധന ഫലം
( ജില്ല, എണ്ണം, പിഴത്തുക എന്ന നിരക്കിൽ)
തിരുവനന്തപുരം: 21- 52,000
കൊല്ലം: 20 - 55,500
പത്തനംതിട്ട: 11 -13,000
ആലപ്പുഴ :12 -37, 500
ഇടുക്കി :10 -12,000
എറണാകുളം: 17 -31,000
തൃശൂർ :16 -55,000
പാലക്കാട് :5 -14,000
മലപ്പുറം :24 -19,000
കോഴിക്കോട് :19- 46,000
വയനാട് :13- 10,000
കണ്ണൂർ :28- 31,000
കാസർകോട് :6 -4500