b-anilkumar

വൈക്കം : ആയിരത്തിയെട്ട് യാഗങ്ങൾക്ക് തുല്യമാണ് രാജസൂയം. കലിയുഗ രാജസൂയത്തിന് സമാനമായാണ് ഭാഗവതസത്രം വിലയിരുത്തപ്പെടുന്നത്. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന 37-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് നാളെ കൊടിയിറങ്ങും. ഉച്ചയ്ക്ക് 12.30 നാണ് സത്ര സമാപന സഭ ചേരുക. സത്രത്തിന് മുന്നോടിയായി ആഗസ്റ്റ് 28ന് ചെമ്മനത്ത് ക്ഷേത്രത്തിൽ 108 ദിവസത്തെ നാരായണീയ പാരായണം ആരംഭിച്ചിരുന്നു. തുടർന്ന് നവംബർ 28ന് ഗുരുവായൂരിൽ നിന്ന് സത്രവേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രവുമായി ചൈതന്യ രഥ യാത്ര പുറപ്പെട്ടു. രഥയാത്ര കഴിഞ്ഞ പന്ത്രണ്ടിന് സത്ര വേദിയിലെത്തി വിഗ്രഹ പ്രതിഷ്ഠ നടന്നതോടെ ഭാഗവതത്തിന്റെ മധുരം പകരുന്ന പ്രഭാഷണ പരമ്പരകൾക്ക് തുടക്കമായി. നൂറോളം പ്രഭാഷകരാണ് ഈ ദിവസങ്ങൾക്കുള്ളിൽ ഭാഗവതത്തേയും ഹൈന്ദവ പുരാണങ്ങളേയും വേദോപനിഷത്തുക്കളെയും ആചാരാനുഷ്ഠാനങ്ങളെയുമെല്ലാം അധികരിച്ച് പ്രഭാഷണങ്ങൾ നടത്തിയത്. ലക്ഷങ്ങൾ വരുന്ന ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിയത്. സത്രത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പുലർച്ചെ കട്ടൻ കാപ്പി മുതൽ പ്രഭാത ഭക്ഷണം, ഊണ് എന്നിങ്ങനെ അഞ്ച് നേരവും സത്ര പ്രസാദമായി ഭക്ഷണം നൽകുന്നുണ്ട്. വിഭവസമൃദ്ധമാണ് അന്നദാനം. അഭൂതപൂർവ്വമായ തിരക്കാണ് അന്നദാനത്തിന് അനുഭവപ്പെടുന്നത്. മുഴുവൻ ഭക്തജനങ്ങൾക്കും ഏറെ നേരം കാത്തുനിൽക്കാതെ ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ സത്ര നിർവ്വഹണ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസം രണ്ട് ടൺ വരെ അരിയാണ് വേണ്ടി വരുന്നത്. കുടുംബശ്രീ അംഗങ്ങളും സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് ഭക്ഷണം വിളമ്പുന്നതിന്റേയും പാത്രം കഴുകുന്നതിന്റേയും ചുമതല ഏറ്റെടുത്തിട്ടുള്ളത്. ഇന്നും നാളെയുമായി ലക്ഷത്തിനടുത്ത് ഭക്തജനങ്ങൾ സത്ര വേദിയിൽ വന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി യും സ്വകാര്യ ബസ്സുകളും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

ബി.അനിൽകുമാർ

(സത്രനിർവഹണ സമിതി വർക്കിംഗ് ചെയർമാൻ)

ചെമ്മനത്തുകരപോലുള്ള ഒരുൾനാടൻ ഗ്രാമത്തിലേക്ക് 37-ാംമത് അഖിലഭാരത ഭാഗവത മഹാസത്രമെത്തിക്കുമ്പോൾ ഒട്ടേറെ ആശങ്കകളുണ്ടായിരുന്നു, പ്രതിസന്ധികളും. അവയെല്ലാം അതിജീവിച്ച് സത്രം വൻ വിജയമാക്കാൻ കഴിഞ്ഞതിന് പിന്നിൽ സത്രത്തിനായി രാപകലില്ലാതെ അർപ്പണ ബോധത്തോടെ പ്രവർത്തിച്ചുവരുന്ന സത്ര നിർവ്വഹണ സമിതിയുടെ പ്രവർത്തകരും നാട്ടുകാരുമാണ്. ഗ്രാമപഞ്ചായത്തും വലിയ പിന്തുണയാണ് നൽകിയത്.