കോട്ടയം: സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യയിലെ പതിനേഴ് സവിശേഷ ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റിലേക്ക് കുമരകം ഉയർത്തപ്പെട്ടിട്ടും അടിസ്ഥാന പ്രശ്നങ്ങളൊന്നും പരിഹരിക്കാനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്ന പരാതി വ്യാപകമാകുന്നു.
കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളെ സഹായിക്കാൻ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും ദൂരവും രേഖപ്പെടുത്തുന്ന ബോർഡ് പ്രവേശന കവാടത്തിലുണ്ടാകും.
സഞ്ചാരികളെ വട്ടം ചുറ്റിക്കുന്നതല്ലാതെ കുമരകത്തങ്ങനെയൊന്നില്ല . നിരവധി വികസന പദ്ധതികളുണ്ടെങ്കിലും സ്ഥലപരിമിതി പ്രശ്നമെന്നാണ് പഞ്ചായത്ത് ഭരണസമിതിക്കും ഡി.ടി.പി.സിക്കും പറയാനുള്ളത് .
ഇല്ലായ്മകൾ ഇതൊക്കെ..
വീതിയുള്ള റോഡുകൾ ഉറപ്പുള്ള പാലങ്ങൾ വഴിവിളക്കുകൾ ഫയർ സ്റ്റേഷൻ ബസ് സ്റ്റാൻഡ് കെ.എസ്.ഇ.ബി മിനി സബ്സ്റ്റേഷൻ കെ.എസ്.ആർ.ടി.സി ഡിപ്പോ പൊതു ശ്മശാനം താലൂക്കാശുപത്രി ആധുനിക മത്സ്യമാംസ മാർക്കറ്റ് ഇൻസിനേറ്റർ
എന്തിനാണ് ഇങ്ങനെയൊരു പഞ്ചായത്ത് ?
കുമരകം വികസിക്കാത്തതിന് പ്രധാന കാരണം ഭാവി വികസനം മുന്നിൽ കണ്ട് പ്രവർത്തിക്കാൻ കഴിവുള്ളവർ മാറി മാറി വന്ന പഞ്ചായത്തു ഭരണസമിതികളിലോ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലോ ഇല്ലാത്തതാണ്. ഇടതു പക്ഷമാണ് വർഷങ്ങളായി കുമരകം ഭരിക്കുന്നത്. മറ്റു കക്ഷി അംഗങ്ങളുടെ വാർഡിൽ ഒരു വികസന പദ്ധതിയും കൊണ്ടുവരാൻ അനുവദിക്കില്ല. ഈ സങ്കുചിത രാഷ്ട്രീയമാണ് കുമരകം അവികസിതമായി ഇന്നും നിലനിൽക്കാൻ കാരണം. കാശ് അടിച്ചു മാറ്റുന്ന പദ്ധതികളോടാണ് പല അംഗങ്ങൾക്കും താത്പര്യം. പഴക്കമുള്ള കുമരകം പഞ്ചായത്ത് കെട്ടിടം പൊളിച്ചു പണിയാതെ 70 ലക്ഷം മുടക്കി ഇപ്പോൾ മോടി പിടിപ്പിക്കുകയാണ്. ബസ് സറ്റാൻഡ് പണിയാൻ പഞ്ചായത്ത് വയൽ മേടിച്ചിട്ടിട്ട് അവിടെ നാട്ടുകാർ കൃഷി നടത്തുകയാണ് . കെടുകാര്യസ്ഥതയാണ് പ്രധാന പ്രശ്നം. ഇടതു പക്ഷം ഭരിക്കുന്ന അയ് മനം, തിരുവാർപ്പ് പഞ്ചായത്തുകൾ പല പദ്ധതികളുമായി ടൂറിസത്തിൽ മുന്നിലെത്തുമ്പോൾ ഇവിടെ കായൽ ടൂറിസം മാത്രമായി നിൽക്കുകയാണ്. എന്നാൽ കായൽ മലിനീകരണമോ കൈയേറ്റമോ ഇല്ലതാക്കാൻ ഒരു ശ്രമവുമില്ല. എന്തിനാണ് ഇങ്ങനെയൊരു പഞ്ചായത്ത് ഭരണസമിതി ?
പുഷ്കരൻ (നാട്ടുകാരൻ )