കാഞ്ഞിരപ്പള്ളി : 'ഇനി ഞാനൊഴുകട്ടെ' എന്ന മുദ്രാവാക്യവുമായി നീർച്ചാൽ വീണ്ടെടുപ്പ് യജ്ഞത്തിന്റെ കാഞ്ഞിരപ്പള്ളി ബ്ലോക്കുതല ഉദ്ഘാടനം ഇന്ന് നടക്കും. മണ്ണുമൂടി നികന്നും നീരൊഴുക്ക് നിലച്ചും നശിച്ചുകൊണ്ടിരിക്കുന്ന നീർച്ചാലുകൾ വീണ്ടെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വില്ലണി കൃഷിഭവൻ മുതൽ ചിറ്റാർപുഴ ശുചീകരിച്ചും വീണ്ടെടുത്തും മാലിന്യക്കുഴലുകളടച്ചും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 8 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ, ജനപ്രതിനിധികൾ, മതനേതാക്കൾ, രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതി സംഘടന പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ യജ്ഞത്തിൽ അണിചേരും.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഹരിത കേരളം മിഷൻ, ചിറ്റാർപുഴ പുനർജനി മിഷൻ, ജലസേചന വകുപ്പ്, ജനമൈത്രി പൊലീസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കേരള ശാസ്ത്രസാഹിത്യ പരിഷത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശുചീകരണത്തിന് ശേഷം പുഴയെ സംരക്ഷിക്കാനുള്ള സ്ഥിരം പ്രവർത്തനങ്ങൾ ഏർപ്പെടുത്താനും ആനക്കല്ല് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ ചേർന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും, ചിറ്റാർപുഴ പുനർജനി മിഷൻ ജനറൽ കൺവീനറുമായ എം.എ.റിബിൻഷാ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൻ വിദ്യാ രാജേഷ്, ചിറ്റാർപുഴ പുനർജനിമിഷൻ ചെയർമാൻ സ്‌കറിയ ഞാവള്ളി, ഷൈൻ മടുക്കക്കുഴി, വി.എൻ.രാജേഷ്, ആൻസമ്മ ടീച്ചർ, നൈസാം, ബിജു ചക്കാല, ഷാജി, ഗോപീകൃഷ്ണൻ, ടോണി ജേക്കബ് (ജലസേചന വകുപ്പ്) രാജു ( ജനമൈത്രി പൊലീസ് ) എന്നിവർ പ്രസംഗിച്ചു. ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ വിപിൻ രാജു സ്വാഗതവും, സിബി തൂമ്പുങ്കൽ നന്ദിയും പറഞ്ഞു.