പാലാ : കേരളത്തിലെ 14 റവന്യൂ ജില്ലകളിൽപ്പെട്ട ലയൺസ് ക്ലബ് മൾട്ടിപ്പിൾ 318ന്റെ കൾച്ചറൽ ഫെസ്റ്റ് നാളെ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ അഞ്ച് ലയൺസ് ഡിസ്ട്രിക്കുകളിൽ നടത്തിയ മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ മുന്നൂറോളും കലാകാരന്മാർ മത്സരാർത്ഥികളായി പങ്കെടുക്കും. ഫെസ്റ്റിന് മുന്നോടിയായി രാവിലെ 8 ന് കൊട്ടാരമറ്റം സാന്തോമിന്റെ മുമ്പിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ജോസ് കെ. മാണി എം.പി ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മികവേകും. 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റ് സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ ഉദ്ഘാടനം ചെയ്യും. ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ ഡോ. ജോർജ് മാത്യു അദ്ധ്യക്ഷത വഹിക്കും. ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ മുഖ്യാതിഥിയാകും. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ അഡ്വ. എ.വി. വാമനകുമാർ മുഖ്യ പ്രഭാഷണം നടത്തും.
ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർമാരായ ഡോ. എ ജി രാജേന്ദ്രൻ, മാഗി ജോസ്, കെ രാജേഷ്, എം.ഡി. ഇഗ്‌നേഷ്യസ്, ഡോ. എൻ സജീവ്, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ സി. ജിജിമോൾ എന്നിവർ പ്രസംഗിക്കും. വൈകിട്ട് ആറിന് സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ.എ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. സിനിമ താരം മിയാ ജോർജിന് മികച്ച അഭിനേത്രിക്കുള്ള അവാർഡ് നൽകി ആദരിക്കും. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ കെ. സുരേഷ്, ഇ.ഡി. ദീപക്, ഗണേഷ് കണിയാരക്കൽ എന്നിവർ പ്രസംഗിക്കും.