പാലാ : ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ ആണ്ടൂർ കവലയ്ക്കും, ഇൻഡ്യാർ റബേഴ്‌സിനും ഇടയിലുള്ള ഭാഗത്തെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അതിനാൽ അപകടസാദ്ധ്യതയുമേറെയാണ്. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വശങ്ങളിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാർ‌ അപകടത്തിൽപ്പെടാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. ശബരിമല തീർത്ഥാടകരടക്കം ഇതുവഴി കാൽനടയായി പോകുന്നുണ്ട്. അടിയന്തിരമായി റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗം പൂർവസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.