kovilmala-raja

വണ്ടിപ്പെരിയാർ : ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിനക്യാമ്പ് - സുവർണം 2019 ന് തുടക്കമായി. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ കോവിൽമല രാജാവ് രാമൻ ഉദ്ഘാടനം നിർവഹിച്ചു. 'നവകേരള സൃഷ്ടിക്കായി യുവാക്കളുടെ പങ്ക്' എന്നതാണ് സപ്തദിന ക്യാമ്പിന്റെ മുഖ്യപ്രമേയം. യുവാക്കളിൽ മൂല്യബോധം പൗരബോധം നേതൃപാടവം സാമൂഹ്യപ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്ന വിവിധ പരിപാടികൾക്കൊപ്പം മത്സര പരീക്ഷകൾക്കായി സജ്ജരാകുന്നതിനുള്ള പരിശീലന പരിപാടികളും ക്യാമ്പിന്റെ ഭാഗമാണ്. വ്യക്തിത്വവികസന ക്ലാസോടുകൂടി ആരംഭിച്ച ക്യാമ്പിന്റെ തുടർന്നുള്ള ദിവസങ്ങളിൽ പ്ലാസ്റ്റിക് നിർമാർജന ലക്ഷ്യവുമായി ഇക്കോപെൻ നിർമ്മാണം, വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ 'കർഷകൻ ആദ്യം' എന്നപേരിൽ ക്ലാസും കർഷകരെ ആദരിക്കലും 25 കുടുംബങ്ങൾക്ക് അടുക്കളത്തോട്ടം നിർമ്മിച്ച് നൽകുന്ന 'എന്റെ അടുക്കളയ്ക്ക് എന്റെ തോട്ടം' പദ്ധതി , എക്‌സൈസുമായി സഹകരിച്ച് ലഹരിവർജന ബോധവത്കരണ ക്ലാസും റാലിയും, വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽക്യാമ്പ് എന്നിവയും സംഘടിപ്പിക്കും. കോംപറ്റിറ്റിവ് എക്‌സാമിനാഷൻ ട്രെയിനർ , ഇക്കോ പെൻമേക്കർ അനന്തു കൃഷ്ണ, എം. ജി സർവകലാശാല റിട്ട. ജോയിന്റ് രജിസ്ട്രാർ ജി പ്രകാശ് , ആർ.ടി.ഒ ബിജുലാൽ.പി.റാം, മാദ്ധ്യമപ്രവർത്തകൻ പി.എസ്. സോമനാഥൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. 26 ന് രാവിലെ 10 ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.