രാമപുരം : രാത്രി ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് ജനവാസകേന്ദ്രത്തിന് സമീപം തള്ളി. മുൻകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുളക്കാട്ടോലിക്കൽ ബെന്നിയുടെ പുരയിടത്തിലാണ് ഇന്നലെ പുലർച്ചെ മാലിന്യം നിക്ഷേപിച്ചത്. കഴിഞ്ഞ ഏതാനും മാസം മുൻപ് ഇതേ സ്ഥലത്തിന് സമീപം ടാങ്കറിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയതിന് അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. മാലിന്യം തള്ളിയത് മൂലം രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യത കണക്കിലെടുത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ മേഴ്‌സി ചാക്കോ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജിത എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ബ്ലീച്ചിംഗ് പൗഡർ വിതറുകയും മാലിന്യത്തിന്റെ മുകളിൽ മണ്ണ് നിരത്താൻ നിർദ്ദേശവും നൽകി. രാമപുരത്തും പരിസര പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.

മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നടപടി സ്വീകരിക്കും. കൊണ്ടാട് റോഡിൽ കൂടിയുള്ള സി.സി.ടി.വി പരിശോധിച്ച് വരികയാണ്.

എസ്.സാജൻ, രാമപുരം എസ്.ഐ

നാട്ടുകാർ പറയുന്നത്

വീട് നിർമ്മിക്കുമ്പോൾ 5 സെന്റിലും 3 സെന്റിലും വീടുകൾ നിറഞ്ഞ് നിർമ്മിക്കും. സെപ്ടിക് ടാങ്ക് ശരിയായ വലുപ്പത്തിൽ നിർമ്മിക്കാത്തത് കാരണമാണ് നിറഞ്ഞ് കവിയുന്നത്. വീട് നിർമ്മാണത്തിന് പഞ്ചായത്തിൽ നിന്ന് അനുമതി കൊടുക്കുമ്പോൾ അടിയന്തിരമായിട്ട് ടാങ്ക് വലിപ്പത്തിൽ നിർമ്മിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.